മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് 'നോ' പറഞ്ഞവരുടെ പട്ടിക തയ്യാറാക്കുന്നതിനെതിരെ വീണ്ടും ഹൈക്കോടതി. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ചവരുടെ വിവരങ്ങള്‍ ഒരുകാരണവശാലും പുറത്തുവിടരുതെന്നും അങ്ങനെ ചെയ്ത ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്നും കോടതി.
കൊച്ചി: സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാത്തവരുടെ പട്ടിക തയാറാക്കിയതെന്തിനെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ദുരിതാശ്വാസത്തിന്‍റെ പേരില്‍ നിര്‍ബന്ധിത പിരിവ് പാടില്ലെന്നും പട്ടിക പുറത്തുവിടരുതെന്നും കോടതിയുടെ നിര്‍ദ്ദേശം. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയാറാക്കിയവര്‍ക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കമമെന്നും ഡിവിഷന്‍ ബഞ്ച്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള സാലറി ചലഞ്ചിന്‍റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവു നടത്തുന്നു എന്നാരോപിച്ച് എന്‍ജിഒ സംഘ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്പോഴാണ് സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ശന്പളം സ്വമേധയാ സംഭാവന ചെയ്താല്‍ മതിയെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശമല്ല നടപ്പാക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പട്ടിക തയാറാക്കിയതെന്തിനാണെന്ന് ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനോട് ചോദിച്ചു. അത് വകുപ്പുകളുടെ ആഭ്യന്തര കാര്യമാണെന്നും രഹസ്യ സ്വഭാവമുണ്ടെന്നുമായിരുന്നു അഡ്വക്കറ്റ് ജനറലിന്‍റെ മറുപടി. ആഭ്യന്തര കാര്യമാണെങ്കിലും അതിനൊരു ലക്ഷ്യമുണ്ടാകുമല്ലോ എന്ന് കോടതി.
പ്രളയത്തെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. ശമ്പളം നല്‍കാത്തവരുടെ പട്ടിക തയാറാക്കുന്ന തീരുമാനം ഐക്യ മനോഭാവം തകര്‍ക്കും. നിര്‍ബന്ധ പൂര്‍വ്വം ശമ്പളം പിടിച്ചു വാങ്ങുന്നത് ശരിയല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും പ്രളയ ബാധിതരുണ്ട്. അവരുടെ പട്ടിക തയാറാക്കിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. പട്ടിക തയാറാക്കല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ നല്‍കിയ ഉറപ്പിന് വിരുദ്ധം. പട്ടിക തയാറാക്കിയവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
