കോളേജ് ധാര്‍മിക പിതാവാകാന്‍ നോക്കെണ്ടെന്നും കോടതി

കൊച്ചി: പ്രണയിച്ചു വിവാഹം കഴിച്ച വിദ്യാര്‍ഥികളെ കോളേജ് മാനേജ്‌മെന്റിന് ധാര്‍മ്മിക അച്ചടക്കം പറഞ്ഞ് പുറത്താക്കാനാകില്ലെന്ന് ഹൈക്കോടതി. കോളേജ് ധാര്‍മിക പിതാവാകാന്‍ നോക്കെണ്ടെന്നും കോടതി നിരീക്ഷണിച്ചു. കൊല്ലം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളുടെ ഹര്‍ജിയിലാണ് ഉത്തരവ്‍.

കൊട്ടാരക്കര സ്വദേശിയായ 21 കാരനും വര്‍ക്കല സ്വദേശിയുമായ 20 കാരിയുമാണ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വര്‍ക്കല സിഎച്ച്എംഎം കോളേജ് ഫോര്‍ അഡ് വാന്‍സ്ഡ് സ്റ്റഡീസിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ കോളേജ് അച്ചടക്ക നടപടിയെടുത്തു. ഒരാളെ പുറത്താക്കി. സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടു നല്‍കില്ല. ഇരുവരും നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി കോളേജിനെതിരെ രൂക്ഷ പരാമര്‍ശമാണ് നടത്തിയത്. 

പ്രണയം സ്വാതന്ത്ര്യമോ കാല്‍ച്ചങ്ങലയോ എന്ന ചോദ്യം ഹര്‍ജിക്കാര്‍ ഉയര്‍ത്തുന്നുവെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് ഉത്തരവ് തുടങ്ങുന്നത്. പ്രണയിച്ചു വിവാഹം കഴിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കാന്‍ മാനെജ്മെന്‍റിന് അധികാരമില്ല. അത് മൗലികാവകാശത്തിന്‍റെ ലംഘനമാണ്. പഠനം പുനരാരംഭിക്കാന്‍ ഹര്‍ജിക്കാരന് കോടതി അനുമതിയും നല്‍കി. പുറത്തായ കാലത്ത് ഹാജരിലുണ്ടായ കുറവ് പരിഹരിക്കാന്‍ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥിനിയുടെ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചുനല്‍കണമെന്നും കോടതി ഉത്തരവിട്ടു.