കൊച്ചി: പതിറ്റാണ്ടുകളായി കോടതികള്‍ നിരന്തരം ശബ്ദമുയര്‍ത്തിയിട്ടും നോക്കുകൂലി നിര്‍ബാദം തുടരുകയാണെന്ന് ഹൈകോടതി. ക്രെയിന്‍ ഉപയോഗിച്ച് തടി കയറ്റുകയും ഇറക്കുകയും ചെയ്യുന്ന മില്ലില്‍ പുറമെ നിന്നുള്ള ചുമട്ടുതൊഴിലാളികളുടേയും യൂനിയന്‍േറയും ഇടപെടല്‍ മൂലം നോക്കുകൂലി നല്‍കേണ്ടിവരുന്നതായി ചൂണ്ടിക്കാട്ടി കോട്ടയം കാഞ്ഞിരപ്പിള്ളിയിലെ തടിമില്ലുടമ ഷാഹുല്‍ ഹമീദ് നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഉത്തരവ്.
പതിറ്റാണ്ടുകളായി കോടതികള്‍ നിരന്തരം ശബ്ദമുയര്‍ത്തിയിട്ടും നോക്കുകൂലി നിര്‍ബാദം തുടരുകയാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഉടമക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതും ജോലികള്‍ കൂടുതല്‍ എളുപ്പവും ഫലപ്രദവുമാക്കുന്നതുമായ യന്ത്ര സംവിധാനങ്ങളൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്നാണ് നോക്കുകൂലി വാങ്ങുന്നവരുടെ നിലപാടെന്നും കോടതി വിമര്‍ശിച്ചു
പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് പരാതിയുണ്ടായാല്‍ പൊലീസിനെതിരെ കോടതി ഉചിതമായ നടപടി സ്വീകരിക്കും. പൊലീസ് അനുയോജ്യ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഈ കോടതിയലക്ഷ്യ ഹരജിയിലെ നടപടികള്‍ തുടരുമെന്നും കോടതി വ്യക്തമാക്കി.ഏത് തരത്തിലുള്ള തുകയും തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ബാങ്ക് മുഖേന വേണം ചുമട്ടു തൊഴിലാളികള്‍ക്ക് നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി.
മില്ലിലെ കയറ്റിറക്ക് ജോലികളില്‍ അന്യായമായി ഇടപെടരുതെന്ന ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും തൊഴിലാളികള്‍ ക്രെയിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുകയും നോക്കു കൂലി വാങ്ങുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയിലക്ഷ്യ ഹരജി നല്‍കിയത്. തടി ലോറിയില്‍ കയറ്റുന്നതും ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഹരജിക്കാരനും വിവിധ ചുമട്ടുതൊഴിലാളി യൂനിയനുകളുമായി ചര്‍ച്ച നടത്തി നിശ്ചിത കൂലി നിശ്ചയിച്ച് കരാറിലേര്‍പ്പെട്ടിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് കയറ്റിറക്കുകള്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ വേതനത്തില്‍ ഇളവ് സംബന്ധിച്ചും കരാറുണ്ട്.
ക്രെയിനും സ്വന്തം തൊഴിലാളികളേയും ഉപയോഗിച്ച് ജോലികള്‍ നിര്‍വഹിക്കാനാണ് താല്‍പര്യമെങ്കിലും ക്രെയിന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഹരജിക്കാരനെ ചുമട്ടു തൊഴിലാളി സംഘടനയിലെ അംഗങ്ങള്‍ തടസപ്പെടുത്തുന്നതായി ഹരജിയില്‍ പറയുന്നു. ഹരജിക്കാരന് വേണമെങ്കില്‍ സ്വന്തം തൊഴിലാളികളെക്കൊണ്ട് കയറ്റിറക്ക് ജോലി ചെയ്യിപ്പിക്കാമെന്നും ക്രെയിന്‍ പറ്റല്ലെന്നും പറഞ്ഞാണ് ചുമട്ടുതൊഴിലാളികള്‍ എതിര്‍ക്കുന്നത്. ക്രെയിന്‍ കേടു വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.
ഒരു ജോലിയും ചെയ്യാതിരുന്നിട്ടും ദിവസവും 25000 ത്തോളം രൂപ നോക്കു കൂലിയായി യൂനിയന് കൊടുക്കേണ്ടിവരുന്നതായും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.യാന്ത്രിക പ്രക്രിയയായതിനാല്‍ ക്രെയിന്‍ ഉപയോഗം ചുമട്ടുതൊഴിലാളികളുടെ കൂലി കുറയുക്കുമെന്ന ഭീതിയുള്ളതിനാലാണ് ഇതുപയോഗിക്കുന്നതിനെ തൊഴിലാളികള്‍ എതിര്‍ക്കുന്നതെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
സ്വന്തം വേതനം മാത്രമാണ് അവരുടെ ലക്ഷ്യം. അതിനാല്‍, ആധാര്‍, പാന്‍ കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ഹാജരാക്കിയാല്‍ മാത്രം ബാങ്ക് മുഖേന പണം നല്‍കുന്ന രീതിയുണ്ടാവണം. തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ചുമട്ടുതൊഴിലാളികളുമായി ബന്ധപ്പെട്ട തുക ബാങ്കില്‍ അടക്കാനും എടുക്കാനും സാധിക്കാവൂ. പതിനായിരം രൂപ മാത്രമേ പണമായി നേരിട്ട് അടക്കാന്‍ കഴിയൂവെന്നും നികുതിയിളവ് ലഭിക്കണമെങ്കില്‍ ബാക്കി തുക ബാങ്ക് അക്കൗണ്ട് വഴി കൈകാര്യം ചെയ്യണമെന്നുമുള്ള ആദായ നികുതി നിയമത്തിന്റെ പുതിയ വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദേശം കോടതി മുന്നോട്ടുവെച്ചത്.
ഹരജിക്കാരന്‍ ക്രെയിനടക്കമുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തുന്നത് തടസപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി എതിര്‍കക്ഷികളായ എ.ഐ.സി.ടി.യു, സി.ഐ.ടി.യു യൂനിയനുകളിലെ ആര്‍ക്കെങ്കിലുമെതിരെ പരാതി ലഭിച്ചാല്‍ അവരെ അറസ്റ്റ് ചെയ്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യ അപേക്ഷയും ഈ കോടതി തന്നെ കൈകാര്യം ചെയ്യും. ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഹരജി തീര്‍പ്പാക്കും. കോടതി വിളിച്ചു വരുത്തിയ എതിര്‍കക്ഷികളായ രണ്ട് യൂനിയന്‍ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡിവിഷന്‍ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
