വയനാട്ടിലെ ആദിവാസി ഭൂമി തട്ടിപ്പിനെകുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയെതുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് പട്ടികവര്‍ഗ്ഗ വകുപ്പുമന്ത്രി എ.കെ ബാലന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനുശേഷമാണ് ജില്ലയിലെ പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നത്. ആദിവാസി ഭൂമി വിതരണമടക്കം അവരുടെ ക്ഷേമത്തിനായി ജില്ലയില്‍ നടത്തിയ മുഴുവന്‍ പ്രവര്‍ത്തികളുടെയും വിലയിരുത്തലാണ് യോഗത്തിലെ മുഖ്യ അജണ്ട. സര്‍ക്കാര്‍ വാങ്ങിയ ഭൂമി, അതിലുണ്ടായിരിക്കുന്ന ക്രമക്കേട്, ഈ ഭൂമിയില്‍ എത്രമാത്രം ആദിവാസികള്‍ക്കു നല്‍കി, ആരിവാള്‍ രോഗികള്‍ക്ക് ഉപയോഗശൂന്യമായ ഭൂമി വാങ്ങിയ നടപടി തുടങ്ങിയവയൊക്കെ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. 

ഭാവിയില്‍ ഏതുവിധത്തിലുള്ള നടപടിയാണ് ഭൂമി വിതരണത്തിലടക്കം സ്വീകരിക്കേണ്ടതെന്നും ഇന്ന് തീരുമാനിച്ചേക്കൂം. മുന്‍ സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമി വാങ്ങിനല്‍കുന്നതിന് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയിലെ അംഗങ്ങള്‍ തന്നെ തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ പുറത്തുകൊണ്ടുവന്നതാണ്. ഇത്തരം കമ്മിറ്റികളുടെ ആവശ്യം ഇനിയുണ്ടോ എന്നും തീരുമാനിക്കാനിടയുണ്ട്. ജനപ്രതിനിധികള്‍ പട്ടികവര്‍ഗ്ഗ വകുപ്പിനൊപ്പം മറ്റു വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ആദിവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.