Asianet News MalayalamAsianet News Malayalam

നിപ വൈറസ്: ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉന്നതതലയോഗം

  • രണ്ടാംഘട്ടത്തില്‍ വന്നത് ചുരുങ്ങിയ കേസുകള്‍
  • ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നതതല യോഗം
  • പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്
High level meeting on Nipah virus
Author
First Published Jun 3, 2018, 5:53 PM IST

തിരുവനന്തപുരം: നിപ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. ഇതുവരെ 18 കേസുകളിൽ രോഗബാധ സ്ഥിരീകരിച്ചതിൽ 16 പേരാണ് മരിച്ചത്. കൂടുതൽ കേസുകൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഇപ്പോൾ ഭയപ്പേണ്ട ഒരു സാഹചര്യവുമില്ല. 

രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകൾ മാത്രമേ വന്നിട്ടുള്ളൂ. കണ്ണൂരിലും വയനാട്ടിലുമുണ്ടായ ഓരോ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ പൂർണമായും നിയന്ത്രിക്കപ്പെട്ടു എന്ന് ഉറപ്പാകുംവരെ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘം കോഴിക്കോട് തുടരണമെന്ന് യോഗം തീരുമാനിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി എന്നീ സ്ഥലങ്ങളിലെ വിദഗ്ധരും കോഴിക്കോട് തുടരും.

രണ്ടായിരത്തോളം പേരാണ് ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്ന് സംശയമുള്ളവരെയാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരിൽ ആവശ്യമുള്ളവർക്ക് അരി ഉൾപ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളിൽ എത്തിച്ചു നൽകാൻ കോഴിക്കോട്, മലപ്പുറം കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. 

ഉന്നതതലയോഗത്തിനിടയ്ക്ക് വീഡിയോ കോൺഫറൻസിലൂടെ കോഴിക്കോട്, മലപ്പുറാ കളക്ടർമാരുമായി മുഖ്യമന്ത്രി സംസാരിച്ചു. കോഴിക്കോട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആരോഗ്യഡയറക്ടർ ഡോ. ആർ.എൽ. സരിതയും പങ്കെടുത്തു. നിരീക്ഷണത്തിലുള്ളവരുമായി ദിവസവും ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങളും രോഗപ്രതിരോധപ്രവർത്തനത്തിന്റെ വിവരങ്ങളും ഐ.ടി സംവിധാനം ഉപയോഗിച്ച് ക്രോഡീകരിക്കാനാവശ്യമായ പിന്തുണ കോഴിക്കോട് കലക്ടർമാർക്ക് ഐ.ടി വകുപ്പ് ലഭ്യമാക്കും. 

രോഗം ബാധിച്ചവരുമായി അടുത്ത് സമ്പർക്കം പുലർത്തിയതിനാൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവർക്കൊഴികെ യാത്ര ചെയ്യുന്നതിനോ ജോലിക്കുപോകുന്നതിനോ ഭയപ്പെടേണ്ട സാഹചര്യം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇല്ലെന്ന് യോഗം വിലയിരുത്തി. 
രോഗമുള്ളവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് മാത്രമേ രോഗം പിടിപെടാൻ സാധ്യതയുള്ളൂ. 

യോഗത്തിൽ ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, അഡീ. ചീഫ് സെക്രട്ടറിമാരായ സുബ്രതാ ബിശ്വാസ്, ടോം ജോസ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Follow Us:
Download App:
  • android
  • ios