വിഎച്ച്പിയുടെ നേതൃത്വത്തിൽ അയോദ്ധ്യയിൽ ഇന്ന് ധര്‍മ്മ സഭ നടക്കും. രണ്ടുലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നാണ് വിഎച്ച് പി നേതാക്കൾ അറിയിച്ചിട്ടുള്ളത്. ഒരു ലക്ഷത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകരും ഇന്ന് അയോദ്ധ്യയിലേക്ക് എത്തിയേക്കും... 

അയോദ്ധ്യ: രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് വിഎച്ച്പിയുടെ നേതൃത്വത്തിൽ അയോദ്ധ്യയിൽ ഇന്ന് ധര്‍മ്മ സഭ നടക്കും. രണ്ടുലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നാണ് വിഎച്ച് പി നേതാക്കൾ അറിയിച്ചിട്ടുള്ളത്. ഒരു ലക്ഷത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകരും ഇന്ന് അയോദ്ധ്യയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

ഇന്നലെ ശിവസേന തലവൻ ഉദ്ദവ് താക്കറെ അയോദ്ധ്യയിലെത്തി റാലി നടത്തിയിരുന്നു. രാമക്ഷേത്രം എന്ന് നിര്‍മ്മിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയണമെന്ന് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് അയോദ്ധ്യ. നഗരത്തിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതേസമയം അയോധ്യ വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമല്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കി. കേസ് ജനുവരിയില്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനാല്‍ ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.