സൗദി രാജകൊട്ടാരത്തിനു നേരെ നടന്ന ഭീകരാക്രമണത്തെപ്പറ്റി അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തിന് രൂപം കൊടുത്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി

സൗദി അറേബ്യയുടെ രാജകൊട്ടാരമായ അല്‍സലാം കൊട്ടാരത്തിന് നേര്‍ക്ക് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി. പ്രധാന പള്ളികള്‍, വാണിജ്യകേന്ദ്രങ്ങള്‍, മാളുകള്‍, തുടങ്ങിയ സ്ഥലങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. മരുഭൂമിയിലെ എണ്ണ ഖനന കേന്ദ്രങ്ങളില്‍ പ്രത്യേക പട്രോളിംഗ് ഏര്‍പ്പെപെടുത്തിയതായി പോലീസ് അറിയിച്ചു. രാജകൊട്ടാരത്തിന് മുന്നിലേക്ക് കാറിലെത്തിയ സൗദി പൗരനായ മന്‍സൂര്‍ ബിന്‍ ഹസ്സന്‍ അല്‍ അമീരി എന്ന 28കാരനായ യുവാവാണ് ആക്രമണം നടത്തിയത്.

ഇയാളെ സംഭവസ്ഥലത്തുവെച്ചു തന്നെ സുരക്ഷാ സേന വെടിവെച്ചു കൊന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആഭ്യന്തരവകുപ്പ് പ്രത്യേക സമിതിയെ രീപീകരിച്ചിട്ടുണ്ട്. രാജ്യത്ത് സമീപകാലത്ത് നിരവധി ഭീകരാക്രമണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും രാജകൊട്ടാരത്തിനു സമീപം നടന്ന ആക്രമണത്തെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.