മുംബൈ: തിരുവനന്തപുരത്തെ എടിഎമ്മുകളില്‍ ഹൈ ടെക്ക് കവര്‍ച്ച നടത്തിയ കേസിലെ മുഖ്യപ്രതി ഗബ്രിയേൽ മരിയന്‍ ഉണ്ടാക്കിയത് എണ്‍പതോളം വ്യാജ മാഗ്നറ്റിക് കാർഡുകളെന്നു പൊലീസ്. മുംബൈയിലെ തെളിവെടുപ്പ് പൂർത്തിയാക്കി ഗബ്രിയേൽ മരിയനെയും കൊണ്ട് കേരളപൊലീസ് നാട്ടിലേക്ക് തിരിച്ചു.

പത്തുബാങ്കുകളുടെ 28 എടിഎമ്മുകളിൽനിന്നുമാണ് പ്രതി ഗബ്രിയേൽ മരിയൻ പണം പിൻവലിച്ചത്. ഗബ്രിയേലിനെ ഈ എടിഎമ്മുകളിലെല്ലാം എത്തിച്ച് പൊലീസ് തെളിവെടുത്തു. എടിഎം കൗണ്ടറുകളിൽനിന്ന് പണം പിൻവലിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ബാങ്കുകളിലെത്തി അന്വേഷണ സംഘം ശേഖരിച്ചു.

ഗബ്രിയേൽ താമസിച്ച മുംബൈയിലെ രണ്ട് ഹോട്ടലുകളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. തട്ടിപ്പ് നടത്താനായി പ്രതി എൺപതോളം വ്യാജ മാഗ്നെറ്റിക് കാർഡുകൾ നിർമ്മിച്ചെന്ന് പൊലീസ് കണ്ടെത്തി. റുമേനിയൻ സംഘം മാഗ്നെറ്റിക് കാർഡുകൾ വാങ്ങിയെന്നു സംശയിക്കുന്ന ദക്ഷിണമുംബൈയിലെ ക്രഫേർഡ് മാർക്കറ്റിനോട് ചേർന്നുകിടക്കുന്ന മനീഷ് മാർക്കറ്റിൽ പൊലീസ് പരിശോധന നടത്തി. തനിക്കൊപ്പം മുംബൈയിലെ ഹോട്ടലിൽ താമസിച്ച സംഘാംഗം അലക്സിയാണ് മാഗ്നെറ്റിക് കാർഡുകൾ സംഘടിപ്പിച്ചത് എന്ന് ഗബ്രിയേൽ മൊഴി നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്തെ എടിഎം കൗണ്ടറിൽനിന്ന് ശേഖരിച്ച വിവരങ്ങൾ ഈ കാർഡിലേക്ക് പകർത്തിയായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ്സംഘം എത്ര രൂപ പിൻവലിച്ചിട്ടുണ്ട് എന്നതിന്റെ കൃത്യമായ കണക്ക് ഇതുവരെ അന്വേഷണ സംഘത്തിന്റെ കൈയിൽ ഇല്ല. ആകെ ലഭിച്ച നാൽപത് പരാതികൾ പ്രകാരം ഇതുവരെ നഷ്ടമായത് ഒൻപത് ലക്ഷത്തിലധികം രൂപയാണ്. തിരുവന്തപുരം കന്റോൺമെന്റ് എസിപി കെഇ ബിജുവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് മുംബൈയിൽ അന്വേഷണം നടത്തിയത്.