നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും വില്ലേജ്, താലൂക്ക് അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.

തൃശ്ശൂര്‍: നിയമം മറികടന്ന് പാടം നികത്താന്‍ പുതിയ അടവുമായി ഭൂവുടമകൾ. വയലില്‍ കു‍ഴികളെടുത്ത് ചകിരിയും ഓലമടലും ഇട്ട് മൂടുന്നതാണ് പുതിയ രീതി. നികത്തലിനെതിരെ പരാതിപ്പെട്ടിട്ടും റവന്യൂ അധികൃതർ നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

തൃശൂർ കുന്നംകുളത്ത് കമ്പിപ്പാലത്തെ ‍വന്നേരിവളപ്പില്‍ അബ്ദുറഹ്മാന്റെ, ഡാറ്റാ ബാങ്കിലുൾപ്പെട്ട ഒരേക്കര്‍ പാടമാണ് പുതിയ മാർഗ്ഗത്തിലൂടെ നികത്തിയെടുക്കുന്നത്. മുൻപ് നെല്‍കൃഷി ചെയ്തിരുന്ന പാടത്ത് അഞ്ചടി താ‍ഴ്ച്ചയില്‍ കു‍ഴികളെടുത്ത്, ചകിരിയും, ഓലമടലുകളും അടക്കം നിറയ്ക്കുന്നതാണ് ആദ്യ ഘട്ടം. കു‍ഴിയില്‍ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് ഇതിനു മുകളിലിട്ട് മൂടും. ഫലത്തില്‍ നാലടിയിലേറെ ഭൂപ്രദേശം ഉയരും. ഒരു ലോഡ് മണ്ണ് പോലും പുറത്തു നിന്ന് എത്തിക്കാതെ നികത്താമെന്നതാണ് പ്രത്യേകത. ഇങ്ങനെ ഉയര്‍ത്തിയെടുക്കുന്ന സ്ഥലത്ത് മാവിന്‍ തൈകള്‍ നട്ട് വളര്‍ത്തി കരഭൂമിയാക്കി മാറ്റുകയാണ് തന്ത്രം.

നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും വില്ലേജ്, താലൂക്ക് അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. മ‍ഴക്കാലത്ത് വെള്ളക്കെട്ടുള്ള സ്ഥലത്ത്, വയല്‍ നികത്തല്‍ മൂലം പ്രതിസന്ധി രൂക്ഷമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. നിയമലംഘനം തുടര്‍ന്നാല്‍ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി തുടങ്ങിയതായി പോർക്കുളം വില്ലേജ് ഓഫീസറും , പാറേമ്പാടം കൃഷി ഓഫീസറും, അറിയിച്ചു.