ദില്ലി: എടിഎം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന 'റോബിന്‍ ഹുഡ്' എന്ന സിനിമയിലെ പൃഥിരാജിന്റെ കഥാപാത്രത്തെ അത്രയെളുപ്പത്തില്‍ ആര്‍ക്കും മറക്കാന്‍ കഴിയില്ല. സിനിമയെ വെല്ലുന്ന തരത്തില്‍ മോഷണ പരമ്പര നടത്തിയ ഒരു ഹൈടെക്ക് കള്ളന്‍ പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസമാണ് ദില്ലിയില്‍ വച്ച് കള്ളന്‍ പോലീസ് പിടിയിലാവുന്നത്. പൃഥിരാജിനെ പോലെ ഈ കള്ളനും ഒരു കാര്യത്തെ മാത്രം കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നതെന്നതാണ് കൗതുകമുള്ള കാര്യം.
വിരമിച്ച ബാങ്ക് മാനേജരുടെ മകനായ 27 കാരനായ സിദ്ധാര്‍ത്ഥ് മെഹോത്രയാണ് കഴിഞ്ഞ ദിവസം പോലീസ് വലയിലാവുന്നത്. മുതിര്‍ന്ന രാഷ്ട്രിയക്കാരുടെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും വീടുകളെയാണ് സിദ്ധാര്‍ത്ഥ് ലക്ഷ്യം വച്ചിരുന്നത്. വീടുകള്‍ കുത്തി തുറന്ന് പണവും സ്വര്‍ണവും മോഷ്ടിക്കാറാണ് പതിവ് രീതി. മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ ഷെവര്‍ലെറ്റ് ക്രൂസ് കാറിലും ബൈക്കിലുമായാണ് തന്റെ മോഷണം തുടരുന്നത്.
രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന വസന്ത് കുഞ്ച് നഗറിലാണ് കഴിഞ്ഞ പത്തുമാസമായി സിദ്ധാര്‍ത്ഥ് മോഷണം നടത്തിയിരുന്നത്. മാന്യമായ വസ്ത്രം ധരിച്ച് ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് മോഷണത്തിനായി സിദ്ധാര്‍ത്ഥ് ഇറങ്ങാറുള്ളത്. മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന വീടിന്റെ അകലത്തായി കാര്‍ പാര്‍ക്ക് ചെയ്യും. സുഹൃത്തായ അനുരാഗ് സിംഗ് പരിസരം നിരീക്ഷിക്കാനെത്തും. സിദ്ധാര്‍ത്ഥ് പോയി വീടിന്റെ കതകില്‍ മുട്ടും. ആരെങ്കിലും തുറന്നാല്‍ വീട് മാറിപോയെന്നു പറഞ്ഞ് സ്ഥലം വിടും. അല്ലെങ്കില്‍ വീട് കുത്തി തുറന്ന് അകത്ത് കയറും.
സിദ്ധാര്‍ത്ഥ് അവസാനമായി കയറിയ ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ വ്യക്തമായ രൂപം തെളിഞ്ഞതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നത്. പിന്നീട് ഗൂഗിളിന്റെ സഹായത്തോടെ സിദ്ധാര്‍ത്ഥിനെ കുടുക്കുകയായിരുന്നു. പലതരം മോഷണങ്ങളിലായി ഇതോടെ 11 കേസുകളില്‍ സിദ്ധാര്‍ത്ഥ് ഉള്‍പ്പെട്ടിട്ടുണ്ട്.
