ദില്ലി: കെ പി സി സി അദ്ധ്യക്ഷനായി എം എം ഹസന് താത്കാലിക ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കെ പി സി സി വൈസ് പ്രസിഡന്റുമാരില്‍ മുതിര്‍ന്നയാള്‍ എന്ന പരിഗണന നല്‍കിയാണ് എം എം ഹസന് താല്‍ക്കാലിക ചുമതല നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. താല്‍ക്കാലിക ചുമതല നല്‍കുമ്പോള്‍ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ എം എം ഹസനെ പരിഗണിക്കണമെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഈ അഭിപ്രായത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുതന്നെയാണ് ഹൈക്കമാന്‍ഡ് തീരുമാനം വന്നിരിക്കുന്നത്. ഐ ഗ്രൂപ്പ് വി ഡി സതീശന്റെ പേരാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചത്. എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം ഐ ഗ്രൂപ്പിന് ആയതിനാല്‍, സംഘടനാ നേതൃത്വ പദവി എ ഗ്രൂപ്പിന് നല്‍കാനാണ് ഹൈക്കമാന്‍ഡ് താല്‍പര്യപ്പെട്ടതെന്നാണ് സൂചന.
ഡി സി സി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി ഏറെക്കാലമായി ഹൈക്കമാന്‍ഡുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ഈ അകല്‍ച്ച പരിഹരിക്കാനും പുതിയ തീരുമാനത്തിലൂടെ ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ എം എം ഹസന്‍ തല്‍സ്ഥാനത്ത് തുടരാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കെ പി സി സിയുടെ താല്‍ക്കാലിക അദ്ധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് തന്നെ അറിയിച്ചതായി എം എം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നതാണ് തന്റെ ഉത്തരവാദിത്വം. അത് ഭംഗിയായി നിര്‍വ്വഹിക്കാനാകുമെന്നും ഹസന്‍ പറഞ്ഞു.
വി എം സുധീരന്‍ അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം എം ഹസന് താല്‍ക്കാലിക ചുമതല നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാമെന്നാണ് ധാരണ.
