കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി. ഗൂഢാലോചനയില്‍ നേരത്തെ അന്വേഷണം നടന്നതാണെന്ന് നിരീക്ഷണം. പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് നിയമപരമായ ഒരു സംശയം കോടതി ഉന്നയിച്ചത്.
ടിപി വധക്കേസില്‍ നിലവില്‍ നിരവധി പേര്‍ വിചാരണ നേരിടുകയും പലരേയും കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഗുഢാലോചനാ ആരോപണവും അന്ന് പരിഗണിച്ചതാണ്. ഇത്തരത്തില്‍ വിചാരണ നേരിട്ട പ്രതികള്‍ക്കെതിരേ വീണ്ടും ഗുഢാലോചനാ കുറ്റം കൂടി ചുമത്താന്‍ കഴിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പുതിയ പ്രതികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തി അന്വേഷണം സാധ്യമാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. നിലവില്‍ മൂന്ന് എഫ്.ഐ.ആറുകളാണ് കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. ഈ എഫ്.ഐ.ആറുകളിലെല്ലാം നിയമപരമായ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ സി.ബി.ഐ അന്വേഷണം സാധ്യമാകൂവെന്നാണ് കോടതി അറിയിച്ചത്.
