മകരവിളക്കിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ വിലയിരുത്താൻ ഹൈക്കോടതി നിരീക്ഷണസമിതി ഇന്ന് ശബരിമലയിലേക്ക്. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇന്ന് നിലക്കലിൽ എത്തുന്നത്.

പത്തനംതിട്ട: മകരവിളക്കിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ വിലയിരുത്താൻ ഹൈക്കോടതി നിരീക്ഷണസമിതി ഇന്ന് ശബരിമലയിലേക്ക്. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇന്ന് നിലക്കലിൽ എത്തുന്നത്.അതേസമയം, വരും മണിക്കൂറുകളിൽ തിരക്ക് കൂടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. പൊതുപണിമുടക്കിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തീർത്ഥാടകരുടെ വരവ് തീരെ കുറഞ്ഞിരുന്നു. 

ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പൊലീസ് സുരക്ഷ ഒരുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് പന്തളം കൊട്ടാരം മാനേജ്മെന്‍റ് കമ്മിറ്റി നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം. തിരുവാഭരണ സംഘത്തെ അനുഗമിക്കുന്ന പന്തളം കൊട്ടാരം പ്രതിനിധിയ്ക്കും സുരക്ഷയുണ്ടാകുമെന്നും ഇതിനായി ഡിവൈസ്പിമാരടങ്ങുന്ന ഉദ്യോഗസ്ഥരെ നിശ്ചയിച്ചതായും ഹൈക്കോടതിയെ അറിയിച്ചു.

ഘോഷയാത്രയെ പ്രത്യേക പരിശീലനം ലഭിച്ച 150 പേർ അനുഗമിക്കുമെന്ന് ദേവസ്വം ബോ‍ർഡും കോടതിയെ അറിയിച്ചു. സർക്കാർ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ ഹർജി കോടതി തീർപ്പാക്കി. തിരുവാഭരണ ഘോഷയാത്ര നാളെ തുടങ്ങും.