തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപക സ്ഥലമാറ്റത്തിനായി തയ്യാറാക്കിയ പുതിയ പട്ടികയിലും മാനദണ്ഡം പാലിച്ചില്ലെന്ന് പരാതി. സംസ്ഥാനത്തെ പതിനാലായിരത്തോളം അദ്ധ്യാപകരില്‍ 7500 പേരാണ് കരട് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്ഥലംമാറ്റത്തിനായി നേരത്തെ തയ്യാറാക്കിയ പട്ടികയ്‌ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. 

ഒക്ടോബര്‍ 31 ന് പുറത്ത് വന്ന പട്ടികയില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകരില്‍ പകുതിയിലധികം പേര്‍ക്കാണ് സ്ഥലം മാറ്റം. തിരുത്തി പ്രസിദ്ധീകരിച്ച ഈ പട്ടികയും മാനദണ്ഡം പാലിക്കാതെ തയ്യാറാക്കിയതാണെന്ന് ആരോപണം. ഔട്ട് സ്റ്റേഷനില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാകാത്തവര്‍ പോലും സ്ഥലം മാറ്റപട്ടികയി ഇടംപിടിച്ചു. ഒരേ ഒഴിവുകളിലേക്ക് ഒന്നിലധികം പേര്‍ക്ക് നിയമനം നല്‍കി. 

ആരും സ്ഥലം മാറ്റം ചോദിക്കാത്തിടത്തേ അധ്യാപകര്‍ക്കും മാറ്റമുണ്ട്. സോഫ്റ്റ് വയര്‍ സംവിധാനത്തില്‍ പോലും കൈകടത്തല്‍ നടന്നെന്നാണ് ആക്ഷേപം. സ്ഥലംമാറ്റം വഴി പുറത്തു പോകുന്നവരുടെ നിയമനവും വ്യക്തമല്ല. ഹയര്‍ സെക്കണ്ടറിക്ക് സ്ഥിരം ഐ എ എസ് ഡയറക്ടര്‍ ഇല്ലാത്തതാണ് പ്രവര്‍ത്തനം താറുമാറാക്കിയതെന്നും ആരോപണം ഉണ്ട്.