തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി അധ്യാപക സ്ഥലം മാറ്റത്തിനുള്ള സോഫ്റ്റ് വെയറില്‍ വ്യാപക തെറ്റുകളെന്ന് പരാതി. സ്‌കൂളുകള്‍ തമ്മിലുള്ള അകലം പോര്‍ട്ടലില്‍ കുറച്ച് കാണിച്ചതിനാല്‍ അധ്യാപകര്‍ക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിക്കാനാവുന്നില്ല. ഹോം സ്റ്റേഷന്‍ റവന്യു ജില്ലയായിരുന്നത് മാറ്റി വിദ്യാഭ്യാസ ജില്ലയാക്കിയത് വിദ്യാഭ്യാസ ജില്ലയുടെ അതിര്‍ത്തിയിലുള്ളവര്‍ക്ക് മാത്രം ഗുണപരമാവുന്നു എന്നും പരാതിയുണ്ട്.
ഹോം സ്റ്റേഷന് 25 കിലോ മീറ്ററിന് മുകളിലുള്ള സ്‌കൂളിലേക്കാണ് സ്ഥലം മാറ്റം ആവശ്യപ്പെടേണ്ടത് എന്നിരിക്കേ ഇതേ ദൂരമുള്ള സ്‌കൂളുകള്‍ തമ്മില്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയത് അഞ്ചും ആറും കിലോമീറ്റര്‍ മാത്രം. പരാതികള്‍ക്കിടയാക്കിയ കഴിഞ്ഞ വര്‍ഷത്തെ സ്ഥലം മാറ്റ മാനദണ്ഡം പുതുക്കുമെന്ന് ഹയര്‍സെക്കണ്ടറി വകുപ്പ് നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇത്തവണ സ്ഥലംമാറ്റത്തിന് അപേക്ഷിക്കേണ്ട എച്ച്എസ് ക്യാപ്പ് ട്രാന്‍സ്ഫര്‍ എന്ന പോര്‍ട്ടലില്‍ വ്യാപകമായ തെറ്റുകളാണുള്ളതെന്ന് അധ്യാപകര്‍ പറയുന്നു.
വിദ്യാഭ്യാസ ജില്ല ഹോംസ്റ്റേഷനായപ്പോള്‍ അതിര്‍ത്തിയിലുള്ള അധ്യാപകര്‍ക്ക് മാത്രമാണ് അത് ഗുണകരമാകുന്നത്. ഇവര്‍ക്ക് തൊട്ടടുത്ത് വിദ്യാഭ്യാസ ജില്ലയിലെ തൊട്ടടുത്ത സ്‌കൂള്‍ തന്നെ തെരഞ്ഞെടുക്കാനാവും. 125 കിലോമീറ്ററിലധികം ദൂരത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളുകള്‍ വരെ ഓരെ ജില്ലയില്‍ പെടുമെന്നിരിക്കേ ജില്ലയെ എങ്ങനെ ഹോം സ്റ്റേഷന്‍ ആക്കുമെന്നാണ് അധ്യാപകരുടെ ചോദ്യം.
അതേ സമയം പരീക്ഷാ നടത്തിപ്പിനായി പുറത്തിറക്കിയ എച്ച്എസ് ഇ മാനേജര്‍ എന്ന സോഫ്‌റ്റ്വെയറില്‍ സ്‌കൂളുകള്‍ തമ്മിലുള്ള അകലത്തില്‍ വലിയ വ്യത്യാസമില്ല. ഈ വിവരങ്ങള്‍ പരിഗണിക്കാതെയുള്ള പോര്‍ട്ടല്‍ ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ സ്ഥലം മാറ്റ പ്രക്രിയ താളം തെറ്റിക്കുമെന്നാണ് അധ്യാപകര്‍ പറയുന്നത്.
