ഇടുക്കി: പ്രതിസന്ധികളില്‍ നിന്ന് കരകയറുവാന്‍ കഴിയാതെ ചെറുകിട തെയില കര്‍ഷകര്‍. കാലാവസ്ഥാ വ്യതിയാനവും ഉല്‍പ്പാദനക്കുറവും നേരിടുന്നതിനൊപ്പം കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചിലവിന് ആനുപാതികമായി വന്‍കിട കമ്പനികള്‍ വില നല്‍കാത്തതും കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഇത്തവണയും ഇതിന് മാറ്റമില്ല. കാലാവസ്ഥാ വ്യതിയാനം മൂലം വേണ്ട രീതിയില്‍ മഴ ലഭിക്കാത്തതിനാല്‍ തെയില ഉല്‍പ്പാദനത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഉല്‍പ്പാദന ചിലവ് അമിതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിലവില്‍ വന്‍കിട കമ്പനികള്‍ ചെറുകിട കര്‍ഷകരില്‍ നിന്നും കൊളുന്തെടുക്കുവാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. ഇരുപത്തിയഞ്ച് രൂപയെങ്കിലും വില ലഭിക്കേണ്ട സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് പതിനേഴ് രൂപയും അതില്‍ താഴെയുമാണ്. ആനച്ചാല്‍, എല്ലക്കല്‍ അടക്കമുള്ള മേഖലയില്‍ അമ്പതിലധികം ചെറുകിട കര്‍ഷകരാണ് ഉള്ളത്. നിലവില്‍ കെ.ഡി.എച്ച്.പി അടക്കമുള്ള കമ്പനികള്‍ കൊളുന്തെടുക്കുവാന്‍ തുടങ്ങിയതോടെ എല്ലാ കര്‍ഷകരും വിളവെടുക്കുന്നുണ്ട്. ഒരു ദിവസം എത്രകര്‍ഷകര്‍ കൊളുന്തുമായി എത്തിയാലും മൊത്തതില്‍ രണ്ടായിരം കിലോമാത്രമാണ് ഇവിടെ എടുക്കുന്നത്. 

അതുകൊണ്ട് തന്നെ പൂര്‍ണ്ണമായി കൊളുന്തെടുക്കുവാന്‍ കഴിയാത്തതിനാല്‍ ബാക്കിയുള്ളവ മൂത്തുപോകുന്നു. മൂപ്പ് അധികമാകുന്ന കൊളുന്തിന് വീണ്ടും വില കുറയ്ക്കുകയും ചെയ്യും. ചെറുകിട കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മുമ്പ് സര്‍ക്കാര്‍ കട്ടപ്പനയിലും, കുമളിയിലും റ്റി ഫാക്ടറികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നു എന്നാല്‍ ഇത് എങ്ങുമെത്തിയതുമില്ല. ഈ രണ്ട് റ്റി ബോര്‍ഡുകളും പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഹൈറേഞ്ച് മേഖലയില്‍ ചെറുകിട കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകും.