ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജനതയുടെ പ്രതീക്ഷകള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് നാല്‍പ്പത്തിയ‌ഞ്ചാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്. വ്യക്തമായ ആധിപത്യത്തോടെ ഹിലരി ക്ലിന്റണെ തോല്‍പ്പിച്ച ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു ട്രംപ്. താന്‍ എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്‌ക്കു വേണ്ടി ഒന്നിച്ച് നീങ്ങാമെന്നും ട്രംപ് ആഹ്വാനം ചെയ്‌തു. സംഘട്ടനമല്ല, പങ്കാളിത്തമാണ് വേണ്ടതെന്ന് ലോകരാജ്യങ്ങളോട് ട്രംപ് പറഞ്ഞു. അതേസമയം മല്‍സരഫലത്തിന് ശേഷം അനുയായികളെ അഭിസംബോധന ചെയ്യാതിരുന്ന ഹിലരി ക്ലിന്റണ്‍, ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. താന്‍ തോല്‍വി അംഗീകരിക്കുന്നുവെന്നും ഹിലരി പറഞ്ഞു.

288 ഇലക്‌ടറല്‍ വോട്ടുകള്‍ നേടിയാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാമത് പ്രസിഡന്റാണ് ട്രംപ്. പ്രവചനങ്ങള്‍ കാറ്റില്‍ പറത്തിയാണ് റിപ്പബ്ലിക്ക്ന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ട്രംപ് വിജയത്തിലെത്തിയത്.