അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ആദ്യ വിജയം ഹിലരി ക്ലിന്റണ്‍ സ്വന്തമാക്കി. ന്യൂ ഹാംഷയര്‍ സംസ്ഥാനത്തിലെ ഡിക്‌സ്‍‍വില്‍ നോച്ച് ടൗണിലാണ് ഹിലരി മുന്നിലെത്തിയത്.ഇവിടെ ആകെയുള്ള എട്ട് വോട്ടില്‍ ഹിലരിക്ക് നാലും ട്രംപിന് രണ്ടും വോട്ട് വീതം ലഭിച്ചു. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗാരി ജോണ്‍സണ് ഒരു വോട്ട് ലഭിച്ചപ്പോള്‍. അവസാന ബാലറ്റില്‍ 2012ലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനിയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. 1960 മുതല്‍ ഡിക്‌സ്‍‍വില്‍ നോച്ചിലെ ഫലമാണ് ആദ്യം പ്രഖ്യാപിക്കുന്നത്. 100 ശതമാനം വോട്ടും രേഖപ്പെടുത്തിയാല്‍ ഫലം പ്രഖ്യാപിക്കാമെന്നാണ് ഇവിടുത്തെ നിയമം. അതേസമയം ന്യൂ ഹാംഷയര്‍ സംസ്ഥാനത്തിലെ പൂര്‍ണഫലം അറിയാന്‍ നാളെ രാവിലെ 6.30 വരെ കാത്തിരിക്കണം. ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളില്‍ പോളിങ് തുടങ്ങുക.