അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യൻ ഹാക്കർമാർ പ്രവർത്തിച്ചുവെന്ന എഫ്.ബി.ഐയുടെയും, സി.ഐ.എയുടെയും കത്തുകളുടെ അടിസ്ഥാനത്തിലാണ് ഹില്ലരിയുടെ ആരോപണം. ഡെമോക്രാറ്റിക് പാർട്ടിയുടെ ഇമെയിലുകൾ റഷ്യൻ ഹാക്കർമാർ ചോർത്തിയെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ കണ്ടെത്തൽ. ഇ-മെയിലുകളിലെ വിവരങ്ങൾ പുറത്തുവന്നത് ഹില്ലരി ക്ലിന്റന്റെ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി നല്‍കിയിരുന്നു. സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ ഹില്ലരിയുടെ സ്വകാര്യ ഇമെയിൽ സെർവ്വറിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് എഫ്.ബി.ഐ റിപ്പോർട്ട് ചെയ്തിരുന്നു. 

ഡെമോക്രാറ്റിക് പാർട്ടിയുടെ 19,000 ഇ-മെയിലുകളാണ് വിക്കീലീക്ക്സ് പുറത്തുവിട്ടത്.   ഇത് തന്റ പ്രചാരണത്തിനെതിരായ ആക്രമണം മാത്രമല്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, ജനാധിപത്യത്തിനും എതിരായ ആക്രമണമാണെന്നും ഹില്ലരി പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനാണ് സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്തതെന്നും ഹില്ലരി ആരോപിച്ചു. അഞ്ച് വർഷം മുൻപ് നടന്ന റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ വിമർശിച്ചതിലുള്ള പ്രതികാരമാണിതെന്നാണ് ഹില്ലരിയുടെ വിലയിരുത്തൽ. ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായാണ് ഇത്തരത്തിലൊരു ഹാക്കിങ് റഷ്യ പ്രോത്സാഹിപ്പിച്ചതെന്നാണ് സി.ഐ.എയുടെ കണ്ടെത്തൽ. എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ട്രംപ് തിരിച്ചടിച്ചു.