ഇന്ത്യയുടെ അഭിമാന താരം ഹിമ ദാസിന്റെ പരിശീലകൻ നിപ്പോണ്‍ ദാസിനെതിരെ ലൈംഗിക ആരോപണം. ഗുവാഹാട്ടി ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നിപ്പോണിന് കീഴില്‍ പരിശീലനം നടത്തുന്ന അത്‌ലറ്റാണ് ആരോപണവുമായി രം​ഗത്തെത്തിയത്.

ഗുവാഹാട്ടി: ഇന്ത്യയുടെ അഭിമാന താരം ഹിമ ദാസിന്റെ പരിശീലകൻ നിപ്പോണ്‍ ദാസിനെതിരെ ലൈംഗിക ആരോപണം. ഗുവാഹാട്ടി ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നിപ്പോണിന് കീഴില്‍ പരിശീലനം നടത്തുന്ന അത്‌ലറ്റാണ് ആരോപണവുമായി രം​ഗത്തെത്തിയത്. നിപ്പോണ്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അത്‌ലറ്റ് പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. 

മെയ് മാസം പകുതിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് ജൂണ്‍ 22ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ ഗുവാഹാട്ടി പൊലീസ് നിപ്പോണിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണം തള്ളിക്കളഞ്ഞ് നിപ്പോണ്‍ രംഗത്തെത്തിയിരിക്കുകയാണ്. ആരോപണം തെറ്റാണെന്നും കെട്ടി ചമച്ചതാണെന്നും നിപ്പോണ്‍ പ്രതികരിച്ചു.

100,200 മീറ്ററിൽ തന്റെ കീഴിൽ പരിശീലനം നടത്തുന്ന അത് ലറ്റാണ് പെണ്‍കുട്ടി. ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള അസം സംസ്ഥാന ടീമില്‍ അവസരം നല്‍കണമെന്ന് പലപ്പോഴായി പെണ്‍കുട്ടി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന അത്‌ലറ്റുകളുള്ളതിനാല്‍ എനിക്ക് അവരെ സംസ്ഥാന ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് പെൺകുട്ടി തനിക്കെതിരെ തെറ്റായ പരാതി നല്‍കിയതെന്ന് നിപ്പോൺ വ്യക്തമാക്കി. 

ആരോപണവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ഹാജരാക്കാൻ പെൺകുട്ടിക്ക് സാധിച്ചിട്ടില്ല. കൂടാതെ സംഭവം നടന്നു എന്ന് പറയുന്ന മെയ് 18 കഴിഞ്ഞ് ​ഒരുമാസത്തിനുശേഷം മാത്രമാണ് പെൺകുട്ടി പരാതി നൽകിയതെന്നും നിപ്പോണ്‍ പറഞ്ഞു. അസിസ്റ്റന്റ് കോച്ച്, മറ്റ് അത്ലറ്റുകൾ എന്നിവരെയെല്ലാം ചോദ്യം ചെയ്തപ്പോഴും ആരും അത്തരമൊരു സംഭവം കണ്ടിട്ടില്ലെന്നാണ് മൊഴി നൽകിയത്. അന്വേഷണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് തെളിയുമെന്നും നിപ്പോണ്‍ കൂട്ടിച്ചേര്‍ത്തു. കഅതേസമയം പരാതിയുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഒരു തവണ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും നിപ്പോണ്‍ വ്യക്തമാക്കി.