ഹിമാചൽ പ്രദേശ്: പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന ആവശ്യവുമായി ഹിമാചൽ പ്രദേശ് നിയമസഭയിൽ കോൺ​ഗ്രസ് പ്രമേയം പാസ്സാക്കി. മാത്രമല്ല, കേന്ദ്രസർക്കാരിന് പ്രമേയം അയച്ചു കൊടുക്കുകയും ചെയ്തു. ''പശു ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ പരിധിയിൽ പെടുന്ന മൃ​ഗമല്ല. മനുഷ്യന് പല സംഭാവനകളും പശു നൽകുന്നുണ്ട്. പാൽ നൽകാതായാൽ പശുക്കളെ എല്ലാവരും ഉപേക്ഷിക്കും. അതിനാലാണ് ഇത്തരമൊരു തീരുമാനം വേണമെന്ന് പറയുന്നത്.'' പ്രമേയം കൊണ്ടുവന്ന കോൺ​ഗ്രസ് എംഎൽഎ അനിരുദ്ധ് സിം​ഗ് പറയുന്നു.

സെപ്റ്റംബറിൽ ഉത്തരാഖണ്ഡ് നിയമസഭയും ഇതേ പ്രമേയം കൊണ്ടുവന്നിരുന്നു. പശുവിനെ ദേശീയമൃ​ഗമാക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കൂടാതെ ഹൈദരാബാദ് ഹൈക്കോടതിയും ഇതേ നിർദ്ദേശവുമായി മുന്നോട്ട് വന്നിരുന്നു. മാതാവിനും ദൈവത്തിനും തുല്യമായ സ്ഥാനം പശുവിനും നൽകി ദേശീയ സ്വത്തായി പരി​ഗണിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. രാജ്യത്തെ പല സംസ്ഥാനങ്ങളും ​ഗോസംരക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ടക്കൊലകളും അതിക്രമങ്ങളും നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഹിമാചൽ സർക്കാരിന്റെ ഈ ആവശ്യം.