ഷിംല: ഹിമാചൽപ്രദേശിൽ ബിജെപി അധികാരത്തിലേക്ക്. ലീഡ് നിലയിൽ ബിജെപി കേവല ഭൂരിപക്ഷം കടന്നു. 41 സീറ്റിൽ ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 22 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രേംകുമാർ ദൂമൽ പിന്നിലായത് ബിജെപിക്ക് തിരിച്ചടിയായി. 

ഹിമാചലിൽ നിലവിൽ അധികാരം കൈയാളുന്ന കോണ്‍ഗ്രസിനെതിരായുള്ള ഭരണവിരുദ്ധ വികാരം ബിജെപിയ്ക്ക് തുണയായി എന്നു വേണം വിലയിരുത്താൻ. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി വീരഭന്ദ്ര സിംഗിനെതിരേ നിരവധി അഴിമതിയാരോപണങ്ങളും ഉയർന്നിരുന്നു. ഈ അഴിമതിയാരോപണങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.

ഹിമാചൽപ്രദേശിലെ തിയോഗിൽ സിപിഎമ്മും ഒരു സീറ്റിൽ മുന്നിലെത്തി. മുൻ എംഎൽഎ രാകേഷ് സിംഘയാണ് തിയോഗിൽ മുന്നിട്ടു നിൽക്കുന്നത്. സിപിഎമ്മിനു വെല്ലുവിളി ഉയർത്തി തിയോഗിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. 13 സീറ്റുകളിലാണ് ഇത്തവണ സിപിഎം മത്സരിക്കുന്നത്.