
തലയിലൊരു തൊപ്പി. ബലൂണുകള്‍. മൂന്ന് തട്ടുള്ള, പൂക്കള്‍ ഡിസൈനുള്ള കേക്ക്. ആകെപ്പാടെ ഒരുക്കങ്ങള്‍ നോക്കിയാല്‍ വീട്ടിലെ കുഞ്ഞിന്റെ പിറന്നാളാണെന്നേ തോന്നൂ. പക്ഷേ പിറന്നാള്‍ കുട്ടി ആരാണെന്ന് നോക്കിയപ്പോഴല്ലേ. സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ. മുസ്ലിംങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ പണ്ടേ വിവാദനായകനാണ് ട്രംപ്. ഓര്‍ലന്‍റോയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മരണത്തില്‍ അനുശോചിച്ച് ഒരു മിനിറ്റ് മൗനപ്രാര്‍ഥന നടത്തിയ ശേഷമാണ് ട്രംപിന്റെ ജന്മദിനാഘോഷങ്ങള്‍ തുടങ്ങിയത്.
ഇസ്ലാമിക തീവ്രവാദത്തിനെതിരെയുള്ള മിശിഹായാണ് ട്രംപെന്നാണ് ഹിന്ദു സേനാ തലവന്‍ വിഷ്ണു ഗുപ്തയുടെ പക്ഷം.കേരളാ ഹൗസില്‍ ബീഫ് വിളമ്പിയെന്ന വ്യാജപരാതി നല്‍കിയതിന്‍റെ പേരില്‍ അറസ്റ്റിലായ വിഷ്ണു ഗുപ്തയ്‌ക്ക് ബിജെപിയ്‌ക്കെതിരെയും പരാതിയുണ്ട്. ഭരണം കിട്ടിയ ശേഷം ഹിന്ദുത്വനിലപാടില്‍ നിന്ന് ബിജെപി പുറകോട്ടുപോയെന്നാണ് ഗുപ്തയുടെ പരാതി.
