ദില്ലി: സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളുടെ പ്രണയ വിവാഹത്തിനെതിരെ ഹിന്ദു മഹാസഭ. സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരിയായ ടീന ധാബിയുടെയും രണ്ടാം റാങ്ക് ജേതാവ് അത്താര്‍ അമീര്‍ ഉള്‍ ഷാഫിയുടെയും വിവാഹത്തിനെതിരെയാണ് ഹിന്ദു മഹാസഭ രംഗത്ത് വന്നിരിക്കുന്നത്. ടീന ധാബിയുടെ നേട്ടം അഭിമാനകരമാണ് എന്നാല്‍ ടീന ഒരു മുസ്ലീമിനെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത് വേദനാജനകമാണെന്ന് ഹിന്ദു മഹാസഭയുടെ ദേശീയ ജനറല്‍ സെക്രട്ടറി മുന്ന കുമാര്‍ ശര്‍മ പറഞ്ഞു. 

അത്താറുമായുള്ള ടീനയുടെ ബന്ധം ലൗവ് ജിഹാദാണെന്നും ഹിന്ദു മഹാസഭ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ടീനയുടെ മാതാപിതാക്കള്‍ക്ക് ഹിന്ദു മഹാസഭ കത്തെഴുതി. ടീനയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് അത്താര്‍ ഘര്‍ വാപ്പസിയിലൂടെ ഹിന്ദു മതം സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ലൗവ് ജിഹാദ് ഗൂഢാലോചനയ്‌ക്കെതിരെ ടീനയുടെ രക്ഷിതാക്കള്‍ രംഗത്ത് വരണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. 

അതേസമയം തന്‍റെ തീരുമാനത്തില്‍ താന്‍ സന്തോഷവതിയാണെന്ന് ടീന പ്രതികരിച്ചു. തങ്ങളുടെ രക്ഷിതാക്കള്‍ക്കും സന്തോഷമാണ്. നെഗറ്റീവ് കമന്‍റുകള്‍ പറയുന്ന ന്യൂനപക്ഷത്തെ കണക്കാക്കുന്നില്ലെന്നും ടീന കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ദളിത് കുടുംബാംഗമാണ് ടീന ധാബി. കശ്മീരില്‍ നിന്നുള്ള മുസ്ലീം കുടുംബാംഗമാണ് ഷാഫി.