ഇൻഡോർ: ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. എന്നാൽ മറ്റുള്ളവരെ പുറന്തള്ളുന്നു എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഇൻഡോറിൽ ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്. 'ജർമനി ആരുടെ രാജ്യമാണ്? ജർമൻകാരുടെ, അമേരിക്ക അമേരിക്കകാരുടെ രാജ്യമാണ് അപ്പോൾ ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെ രാജ്യമല്ലേ?', ഭഗവത് ചോദിച്ചു.

ഹിന്ദു എന്നാൽ ഭാരതമാതാവിന്‍റെ പുത്രരും, രാജ്യത്തെ പൂർവികരുടെ പിന്തുടർച്ചക്കാരും രാജ്യത്തിന്‍റെ സംസ്കാരം നെഞ്ചേറ്റുന്നവരുമാണെന്നും ഭഗവത് പറഞ്ഞു. സർക്കാരിന് ഒറ്റയ്ക്ക് സമൂഹത്തിലെ വികസനങ്ങൾക്ക് മുന്നിട്ടിറങ്ങാനാകില്ല. രാജ്യത്ത് മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ സമൂഹവും അതിനായി ശ്രമിക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു. 

പൗരാണിക കാലഘട്ടത്തിലെ ജനങ്ങൾ വികസനത്തിനായി ദൈവത്തെയാണ് ഉറ്റുനോക്കിയിരുന്നത് എന്നാൽ ഇന്ന് അതിന് മാറ്റം വന്നു. ഇന്നവർ ഉറ്റ് നോക്കുന്നത് സർക്കാരിലേക്കാണ്. പക്ഷേ, സമൂഹം എങ്ങനെയാണോ മുന്നോട്ട് പോകുന്നത് അതിനൊപ്പം പോകാനേ സർക്കാരിനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.