നടി ആക്രമിക്കപ്പെട്ടതിന്റെ ഉള്ളറകള്‍ തേടിയുള്ള യാത്ര മാധ്യമങ്ങള്‍ക്കൊപ്പം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. അവര്‍ പലപ്പോഴും മാധ്യമങ്ങളെ പിന്നിലാക്കുന്ന കാഴ്ചയും കണ്ടു. അവിടംമുതല്‍ നടന്‍ ദിലീപ് സീനിലേക്ക് വന്നു. നടിയെ ആക്രമിച്ചതും നഗ്നചിത്രങ്ങളും പകര്‍ത്തിയതും ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരമാണെന്ന ആ പ്രചാരണത്തില്‍ നടന് മൗനം വെടിയേണ്ടിവന്നു. ദിലീപിനെ പൊലീസ് ചോദ്യം ചെയ്തെന്നും അറസ്റ്റ് ഉണ്ടാകുമെന്ന് വരെ വാര്‍ത്തകളുടെ മലവെള്ളപ്പാച്ചിലുകളുണ്ടായി. പൊലീസ് ചോദ്യം ചെയ്തെന്ന ആരോപണം നിഷേധിച്ച ദിലീപ് സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് പലതവണ ആവര്‍ത്തിച്ചു. അതൊന്നും ദിലീപിനെ രക്ഷിച്ചില്ല. കഥയില്‍ ദിലീപിന്റെ പേര് കൂടുതല്‍ കേട്ടു തുടങ്ങിയതേ ഉളളൂ. സഹപ്രവര്‍ത്തകയായ നടിക്കുണ്ടായ അനുഭവത്തില്‍ നടന്റെ ദുഃഖപ്രകടവും ഐക്യദാര്‍ഢ്യവും പിന്നെ പലതവണ സമൂഹം കണ്ടു. ഇതിനിടയില്‍ കേസിലെ പ്രതി ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന ആരോപണവുമായി ദിലീപും സുഹൃത്ത് നാദിര്‍ഷയും രംഗത്തെത്തിയെങ്കിലും ആ പരാതി പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്ന് മാത്രമല്ല, കൂടുതല്‍ സംശയങ്ങള്‍ ഉയരുകയും ചെയ്തു.