തിരുവനന്തപുരം: ഫോണ്‍ കെണിക്കേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോര്‍ട്ടിൽ മുൻ മന്ത്രി ശശീന്ദ്രനെതിരെ ഗുരുതര കണ്ടെത്തലുകളില്ലെന്ന് സൂചന. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പരാതിക്കാര്‍ മൊഴിയും തെളിവും നൽകിയില്ലെന്ന് കമ്മീഷൻ ചെയര്‍മാൻ പിഎസ് ആന്റണി പറഞ്ഞു. നിശ്ചയിച്ചതിലും നേരത്തെ വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി . റിപ്പോര്‍ട്ട് സമര്‍പ്പണത്തിന്റെ ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമങ്ങൾക്ക് സെക്രട്ടേറിയറ്റിനകത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് വിലക്കേർപ്പെടുത്തി
കാലാവധി അവസാനിക്കാൻ ഇനിയും ആഴ്ചകൾ ശേഷിക്കെയാണ് അന്വേഷണം പൂര്‍ത്തിയാക്കി പിഎസ് ആന്റ്ണി കമ്മീഷൻ ഫോണ്‍കെണി കേസിലെ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയത്. മന്ത്രിക്കെതിരായ പരാതിയുടെ നിജസ്ഥിതിയും ഗൂഢാലോചനയും അന്വേഷിച്ച കമ്മീഷൻ റിപ്പോര്‍ട്ടിൽ ശശീന്ദ്രനെതിരെ കാര്യമായ തെളിവുകളില്ലെന്നാണ് സൂചന. പരാതിക്കാരിയോ പരാതി സംപ്രേക്ഷണം ചെയ്ത മാധ്യമ സ്ഥാപനമോ അന്വേഷണവുമായി സഹകരിച്ചില്ല. ആവര്‍ത്തിച്ച് സമൻസ് നൽകിയിട്ടും കമ്മീഷന് മുന്നിൽ ഹാജറായതുമില്ല. കക്ഷി ചേരാനോ മൊഴിയും തെളിവും നൽകാനോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറായിട്ടില്ലെന്നും കമ്മീഷൻ ചെയര്‍മാൻ പിഎസ് ആന്റണി പറഞ്ഞു. പരാതിക്കൊപ്പം മാധ്യമ ധാര്‍മ്മികത സംബമന്ധിച്ച വിലയിരുത്തലുകളും പ്രവര്‍ത്തന മാനദണ്ഢങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
തെളിവുകളുടെ അഭാവത്തിൽ എകെ ശശീന്ദ്രനെതിരെ ആരോപണം സാങ്കേതികമായി നിലനിൽക്കില്ലെങ്കിലും രാഷ്ട്രീയ ധാര്‍മ്മികത കുറിച്ചുള്ള പരാമര്‍ശങ്ങൾ പക്ഷെ റിപ്പോര്‍ട്ടിൽ ഉണ്ടെന്നാണ് സൂചന. അതേസമയം കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പണം ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി. സെക്രട്ടേറിയറ്റിനകത്തേക്ക് കയറ്റി വിടേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് സുരക്ഷാ വിഭാഗത്തിന് നല്‍കിയ നിര്‍ദ്ദേശം. നിയമപരമായ പരിശോധനക്ക് ശേഷം റിപ്പോര്‍ട്ടിൻ മേലുള്ള തുടര്‍ നടപടികൾ മന്ത്രിസഭ തീരുമാനിക്കും.
