പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് സ്ലീക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുത്തത്. ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളില്‍ സങ്കടപ്പെടാതിരിക്കുന്നുവെന്നും സ്വന്തം ശരീരത്തില്‍ സ്ത്രീകള്‍ അഭിമാനിക്കണമെന്നുമാണ് സ്ലീക്ക് പറയുന്നത്

ന്യൂയോര്‍ക്ക്: പൂര്‍ണ്ണ ഗര്‍ഭിണിയായി ഫാഷന്‍ റാമ്പിനെ ഞെട്ടിച്ച് മോഡല്‍ സ്ലിക്ക് വുഡ്‌സ്. റിയാന്നയുടെ ക്ലോത്തിങ് ആന്‍ഡ് ബ്യൂട്ടി ലൈനിന്റെ മുഖമായാണ് മോഡല്‍ ഫാഷന്‍ വീക്കില്‍ പങ്കെടുത്തത്. റിയാന്നയുടെ സാവേജ് എക്‌സ് ഫെന്‍റി ലാന്‍ഷ്‌ന്‍റെ കളക്ഷനിലെ സ്ട്രിങ് വണ്‍പീസ് അണിഞ്ഞ് ക്യാറ്റ് വാക്ക് നടത്തിയത്. വയറില്‍ കൈകുത്തി സ്ലീക്ക് പോസ് ചെയ്തപ്പോള്‍ കരഘോഷത്തില്‍ വേദി നിറഞ്ഞു.

പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് സ്ലീക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുത്തത്. ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളില്‍ സങ്കടപ്പെടാതിരിക്കുന്നുവെന്നും സ്വന്തം ശരീരത്തില്‍ സ്ത്രീകള്‍ അഭിമാനിക്കണമെന്നുമാണ് സ്ലീക്ക് പറയുന്നത്. മോഡലായി ജോലി ചെയ്യുന്നവര്‍ തികച്ചും സ്വാഭാവികമായി ഒരു കാരണത്തിന്റെ പേരില്‍ റാമ്പില്‍ നിന്നും മാറി നില്‍ക്കുന്നത് എന്തിനെന്നും സ്ലീക്ക് ചോദിക്കുന്നു. 

സ്ട്രിപ് വണ്‍പീസിനൊപ്പം മുണ്ഡനം ചെയ്ത തലയില്‍ കറുത്ത വെല്‍വെറ്റ് നിറത്തിലുള്ള ഹെയര്‍ബാന്‍ഡും ധരിച്ചാണ് നിറവയറുമായി സ്ലീക്ക് ചുവടുവെച്ചത്. ഇതിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ഷോയ്ക്ക് ശേഷം പ്രസവത്തിനായി സ്ലിക്ക് ആശുപത്രിയിലേക്ക് പോയി. വെള്ളിയാഴ്ച സ്ലീക്ക് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. 

തെരുവോരങ്ങളില്‍ നിന്നും പ്രശസ്തിയിലേക്ക് ഉയര്‍ന്ന കഥയാണ് സ്ലീക്കിന് പറയാനുള്ളത്. തെരുവില്‍ കഴിഞ്ഞിരുന്ന സ്ലീക്കിനെ ബ്രിട്ടീഷ് മോഡലായ ആഷ് സ്ലിമെറ്റ്‌സാണ് കണ്ടെത്തുന്നത്. പിന്നീട് അവരുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഇറ്റാലിയന്‍, ജാപ്പനീസ്, അമേരിക്കന്‍ വോഗ് മാഗസിനുകളില്‍ സ്ഥിര സാന്നിധ്യമാണ് സ്ലീക്ക്.