കോഴിക്കോട് നഗരത്തിലെ തിരക്കിന് പരിഹാരമെന്നോണമാണ് മാനാഞ്ചിറ മുതല്‍ വെള്ളിമാട്കുന്ന് വരെയുള്ള റോഡ് വികസിപ്പിക്കണമെന്ന ആവശ്യവുമായി എം.ജി.എസിന്റെ നേതൃത്വത്തില്‍ പൗരസമിതി രംഗത്ത് വന്നത്. 600 കോടി രൂപ ലക്ഷ്യമിടുന്ന പദ്ധതിക്കായി കഴിഞ്ഞ സര്‍ക്കാര്‍ 58 കോടി രൂപ അനുവദിച്ചു. ഈ സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ ബാക്കി തുക കിഫ്ബിയില്‍ നിന്ന് അനുവദിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക് ഉറപ്പ് നല്‍കിയതായി എം.ജി.എസ് നാരായണന്‍ പറയുന്നു. എന്നാല്‍ പ്രഖ്യപിച്ച കിഫ്ബി പദ്ധതികളില്‍ മാനാഞ്ചിറ വെള്ളിമാട്കുന്ന് പാത വികസനമില്ല. നല്‍കിയ ഉറപ്പ് പിന്‍വലിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എം.ജി.എസ് ആരോപിക്കുന്നു. 

എംജിഎസ് നാരായണന്റെ നേതൃത്വത്തില്‍ മുമ്പ് പാതാവികസനത്തിനായി ഉപവാസ സമരമടക്കം നടന്നിരുന്നു. സര്‍ക്കാരില്‍ നിന്ന് പണം അനുവദിക്കാമെന്ന ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി പിന്‍ലിച്ചത്. വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തില്‍ വീണ്ടും സമരം തുടങ്ങാനാണ് തീരുമാനം. അതേ സമയം ഇടത് വിമര്‍ശകനായ എം.ജി.എസ് നേതൃത്വം നല്‍കുന്ന സമര സമിതിയെ സര്‍ക്കാര്‍ മനപൂര്‍വ്വംഅവഗണിക്കുകയായിരുന്നുവെന്നാണ് ആരോപണം. മാനാഞ്ചിറ-വെള്ളിമാട്കുന്ന് പാതയെ സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പടാതിരുന്നപ്പോള്‍ ജില്ലയിലെ മറ്റ് നാല് പാതകള്‍ പദ്ധതിയില്‍ ഇടം നേടുകയും ചെയ്തു.