കോളജ് മാനേജ്മെന്‍റ് ധാർമ്മിക പിതാവാകാൻ നോക്കേണ്ടതില്ലെന്നാണ് ഹെെക്കോടതി വ്യക്തമാക്കിയത്.
കൊച്ചി: ചരിത്രവിധിയുടെ തണലില് പഠനം തുടരാന് സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് വൈശാഖും മാളവികയും. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില് കോളജ് അധികൃതര് പഠനം തടഞ്ഞപ്പോള് സ്നേഹം കരുത്താക്കി അവര് നിമയമവഴി തേടി. ധാർമ്മിക അച്ചടക്കം പറഞ്ഞ് കോളജ് അധികൃതർക്ക് വിദ്യാർത്ഥികളെ പുറത്താക്കാൻ ആവില്ലെന്ന് കോടതിയുടെ നിര്ണായക വിധി വന്നതോടെ പാതി വഴിയില് നഷ്ടപ്പെട്ട തിരിച്ചുപിടിക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ് വൈശാഖിനും മാളവികയ്ക്കും.
കോളജ് മാനേജ്മെന്റ് ധാർമ്മിക പിതാവാകാൻ നോക്കേണ്ടതില്ലെന്നാണ് ഹെെക്കോടതി വ്യക്തമാക്കിയത്. കൊട്ടാരക്കര സ്വദേശി വൈശാഖും പാരിപ്പള്ളി സ്വദേശിനി മാളവിക ബാബുവും വിവാഹം കഴിച്ചത് 2017 ജൂണിലാണ്. ഈ സമയം മാളവിക ബാബു പാരിപ്പള്ളി സിഎച്ച്എംഎം കോളജ് ഫോര് അഡ്വാന്സ്ഡ് സ്റ്റഡീസിൽ ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയും വൈശാഖ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമായിരുന്നു.
വിവാഹം കഴിച്ചതിന് കോളജ് അധികൃതർ ഇരുവരെയും പുറത്താക്കി. തുടർ പഠനവും തടഞ്ഞു. ഈ നടപടിയാണ് ചരിത്രവിധിയോടെ കോടതി തടഞ്ഞിരിക്കുന്നത്. കേരള സർവകലാശാലയിലെ പുനപ്രവേശന നടപടികൾ പൂർത്തിയാക്കിയ ശേഷം മാളവിക പാരിപ്പള്ളി സിഎച്ച്എംഎം കോളജ് ഫോര് അഡ്വാന്സ്ഡ് സ്റ്റഡീസിൽ തന്നെ തുടർ പഠനം നടത്തും. ആറ്റിങ്ങലിലെ മറ്റൊരു സ്വകാര്യ കോളജിൽ ബിബിഎ പഠനം പൂർത്തിയാക്കാനാണ് വൈശാഖിന്റെ തീരുമാനം.
