തിരുവനന്തപുരം:എച്ച്ഐവി ബാധിതര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ചികില്‍സ നിഷേധിക്കുന്നതായി വീണ്ടും പരാതി. തിരുവനന്തപുരം എസ്എടി ആശുപത്രിയാണ് എച്ച്ഐവി ബാധിതയായതിന്‍റെ പേരില്‍ കൊല്ലം സ്വദേശിക്ക് ശസ്ത്രക്രിയ നിഷേധിച്ചത്. എച്ച്ഐവി ബാധിതരെ സംരക്ഷിക്കാന്‍ കെയർ ഹോമുകളില്ലാത്തതിനാല്‍ തെരുവിലേക്കിറങ്ങേണ്ട അവസ്ഥയിലാണ് പലരും. 

ഗര്‍ഭാശയത്തിലെ മുഴ വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയതോടെയാണ് കൊല്ലം സ്വദേശിനി എസ്എടി ആശുപത്രിയില്‍ ചികില്‍സ തേടിയത്. ശസ്ത്രക്രിയ തിയതി തീരുമാനിച്ചപ്പോഴാണ് എച്ച്ഐവി ബാധിതയാണെന്ന വിവരം യുവതി ആശുപത്രി അധികൃതരോട് പറയുന്നത്. അതോടെ ശസ്ത്രക്രിയ വേണ്ടെന്ന് ഡോക്ടര്‍ തീരുമാനിച്ചു.

എച്ച്ഐവി ബാധിതരായ പലരുടേയും സംരക്ഷണം ഇപ്പോള്‍ ആശങ്കയിലാണ്. ബന്ധുക്കള്‍ ഉപേക്ഷിക്കുന്നവരെപ്പോലും സംരക്ഷിക്കാന്‍ കെയര്‍ ഹോമുകളില്ല. ഇതിനിടയിലാണ് മാസം കിട്ടിയിരുന്ന തുച്ഛമായ ധനസഹായം പോലും ഒന്നരവര്‍ഷമായി നിലച്ചിരിക്കുന്നത്. രോഗാവസ്ഥയുടെ പല ഘട്ടങ്ങള്‍ അറിയാനുള്ള പരിശോധനകള്‍ പോലും കേരളത്തിലില്ല എന്നത് ഇവരുടെ തുടര്‍ ചികില്‍സകളേയും ബാധിക്കുന്നുണ്ട്.