ചെന്നൈ: എച്ച്‌ഐവി ബാധിതനെന്ന് തിരിച്ചറിയാതെ രക്തദാനം നടത്തിയ യുവാവ് രക്തം സ്വീകരിച്ച ഗര്‍ഭിണി അസുഖബാധിതയാതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചു. ബന്ധുക്കള്‍ കൃത്യസമയത്ത് കണ്ടതോടെ യുവാവിനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷപ്പെടുത്തി. 

ഈ മാസം ആദ്യമാണ് തമിഴ്‌നാട്ടില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സംഭവം നടന്നത്. വിരുതുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില് ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് വിളര്‍ച്ചയുണ്ടെന്ന് കാണിച്ച് രക്തം ആശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതെത്തുടര്‍ന്ന് രക്തബാങ്ക് വഴിയാണ് രക്തം സ്വീകരിച്ചത്. രോഗബാധിതനാണെന്ന് അറിയുന്നതിന് മുമ്പ് യുവാവ് നല്‍കിയ രക്തമായിരുന്നു അത്. 

ഇതിനിടെ ഒരു വിദേശയാത്രയ്ക്കിടെ തന്റെ രോഗവിവരം അറിഞ്ഞ യുവാവ് തന്നെയാണ് രക്തബാങ്കിനെ സമീപിച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ അപ്പോഴേക്കും ഈ രക്തം ഗര്‍ഭിണിക്ക് നല്‍കിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് സ്ത്രീ അസുഖബാധിതയാണെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രിക്കും രക്തബാങ്കിനുമെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുകയായിരുന്നു. 

സാത്തൂരിലെ ഒരു ക്യാമ്പില്‍ വച്ചാണ് യുവാവ് രക്തം ദാനം ചെയ്തിരുന്നത്. പരിശോധനയില്‍ എച്ച്‌ഐവി ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ ബന്ധപ്പെടാന്‍ ക്യാമ്പ് സംഘാടകര്‍ അന്ന് ശ്രമിച്ചിരുന്നുവെങ്കിലും യുവാവ് സ്ഥലത്തില്ലാത്തതിനാല്‍ ഇതിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയില്‍ ഈ രക്തം സുരക്ഷിതമാണെന്ന് രേഖപ്പെടുത്തിയ വിഭാഗത്തില്‍ സൂക്ഷിക്കപ്പെടുകയായിരുന്നു. 

സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 3 ന് ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.