ഒരു വാട്ടിന് 60 രൂപവച്ച് ഒരു കിലോ വാട്ടിന് 60000 രൂപയാണ് കേന്ദ്രസർക്കാരിന്‍റെ ബെഞ്ച് മാർക്ക് വില. അതിൽ 30 ശതമാനം സബ്സിഡി നൽകും. സുതാര്യ ടെൻഡർ വഴി വില ഇനിയും കുറയ്ക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശമുണ്ട്.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ റൂഫ് ടോപ് സോളാർ പദ്ധതിയിൽ വൻതട്ടിപ്പ്. കേന്ദ്രസർക്കാർ നിഷ്കർഷിച്ചതിനേക്കാൾ കൂടുതൽ തുകയ്ക്കാണ് സോളാർ യൂണിറ്റുകൾ വിൽക്കുന്നത്. അനർട്ടിന്‍റെ ഒത്താശയോടെയാണ് ഈ പറ്റിക്കല്‍. സർക്കാർ ഏജൻസിയായ അനർട്ടിന്‍റെ 'ബൈ മൈ സൺ' എന്ന സൈറ്റിലൂടെയാണ് സോളാർ യൂണിറ്റുകളുടെ വിൽപന. അനർട്ട് തിരഞ്ഞെടുത്ത സ്വകാര്യ കമ്പനികളുടെ ഉൽപന്നങ്ങളാണ് സൈറ്റിൽ. സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടമുള്ള ഉൽപന്നം നാട്ടുകാർക്ക് വാങ്ങാം. കേന്ദ്രസർക്കാരിന്‍റെ 30 ശതമാനം സബ്സിഡിയാണ് ഉല്‍പ്പന്നത്തിന്റെ പ്രധാന ആകർഷണം. എന്നാല്‍ ഇതിന്‍റെ പേരിലാണ് തട്ടിപ്പും.
ഒരു വാട്ടിന് 60 രൂപവച്ച് ഒരു കിലോ വാട്ടിന് 60000 രൂപയാണ് കേന്ദ്രസർക്കാരിന്‍റെ ബെഞ്ച് മാർക്ക് വില. അതിൽ 30 ശതമാനം സബ്സിഡി നൽകും. സുതാര്യ ടെൻഡർ വഴി വില ഇനിയും കുറയ്ക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശമുണ്ട്. പക്ഷെ വെബ്സൈറ്റിലൂടെ വിൽക്കുന്ന എല്ലാ ഉൽപന്നങ്ങളുടേയും അടിസ്ഥാന വില ബെഞ്ച് മാർക്ക് തുകയ്ക്ക് വളരെ മുകളിലാണ്. ഉദാഹരണത്തിന് അഞ്ച് കിലോവാട്ട് ഗ്രീഡ് കണക്ടഡ് യൂണിറ്റിന് ഈടാക്കാവുന്നത് പരമാവധി തുക 300000 രൂപയാണ്. പക്ഷെ വില 3,65,000. 65000 രൂപയാണ് അധികമായി ഈടാക്കുന്നത്. സോളാർ യൂണിറ്റ് 50 വാട്ടിന്‍റെ ആകുമ്പോൾ വ്യത്യാസം ഒരു ലക്ഷത്തി മുപ്പത്തിനാലായിരം രൂപയാണ്.
എന്നാൽ സബ്സിഡി ഇല്ലാത്ത ഉൽപന്നങ്ങൾക്ക് മാത്രമാണ് അധികവിലയെന്നാണ് പദ്ധതി നടത്തിപ്പുകാര്‍ നല്‍കുന്ന വിശദീകരണം. പക്ഷെ ആ വാദം ശരിയല്ലെന്ന് വെബ്സൈറ്റ് നോക്കുന്ന ആർക്കും മനസ്സിലാക്കാന്‍ സാധിക്കും. ഇതിനെതിരെ ആക്ഷേപം ഉയര്‍ന്നതോടെ പിന്നീട് നൽകിയ വിശദീകരണം കേന്ദ്രസർക്കാർ പറയുന്ന തുകയ്ക്ക് ആരും വിൽക്കില്ലെന്നായിരുന്നു. എന്നാൽ ഇതേക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെ കേന്ദ്രസർക്കാരിന്‍റെ ബെഞ്ച് മാർക്ക് തുകയ്ക്കുള്ള പുതിയ ക്വട്ടേഷൻ അനർട്ടിന്‍റെ വെബ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ നാല് മാസത്തിനിടെ പതിനൊന്നരകോടിയുടെ വൻകച്ചവടമാണ് ബൈ മൈ സൺ വഴി നടന്നത്. വിൽപന ഉയരുന്നതനുസരിച്ച് ജനങ്ങളിൽ നിന്ന് അധികമായി ഈടാക്കുന്ന തുകയും കുതിക്കുകയാണ്.
