കോഴിക്കോട്: കനത്ത മഴ തുടരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില പ്രദേശങ്ങളിലും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ജില്ലയിലെ അംഗന്‍വാടികള്‍ക്കും നാളെ അവധിയായിരിക്കും. 

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയും പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമായിരിക്കില്ല. കോട്ടയം ജില്ലയിലെ തിരുവാർപ്പ്, കുമരകം, അയ്മനം, വേളൂർ, ചെങ്ങളം സൗത്ത്, ആർപ്പൂക്കര വില്ലേജുകളിലെ സ്കൂളുകൾക്കും നാളെ അവധിയാണ്.