എന്നാല്‍ വെനേസ ഇത് തുടര്‍ന്നപ്പോള്‍ തോക്ക് താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടു. കേള്‍ക്കാതെ വന്നതോടെ വെടിയുതിര്‍ക്കുകയായിരുന്നു. 

ഹോളിവുഡ്: ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. സാധാരണ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കാന്‍ വീട്ടില്‍ പോലീസ് എത്തിയപ്പോഴായിരുന്നു സംഭവം. 49കാരിയായ നടി തോക്ക് ചൂണ്ടിയാണ് പുറത്തേക്ക് എത്തിയത്. എന്നാല്‍ ഇത് കളിത്തോക്ക് ആയിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായില്ല. നടി വെളിപ്പെടുത്തിയതുമില്ല. എന്നാല്‍ വെനേസ ഇത് തുടര്‍ന്നപ്പോള്‍ തോക്ക് താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടു. കേള്‍ക്കാതെ വന്നതോടെ വെടിയുതിര്‍ക്കുകയായിരുന്നു. 

പോലീസിന് നേരെ വെനേസ കളിതോക്ക് ചൂണ്ടുകയും ഇത് കണ്ട് യഥാര്‍ത്ഥ തോക്കാണെന്ന് കരുതി പോലീസ് വെടിയുതിര്‍ക്കുകയുമായിരുന്നു എന്നാണ് വിവരം. വെനേസയുടെ വീട്ടുടമയാണ് പോലീസിനെ വിളിച്ച് വീട് പരിശോധിക്കണമെന്നും അവരുടെ ക്ഷേമം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത്. ഇത് പ്രകാരം പോലീസ് എത്തിയപ്പോഴായിരുന്നു തോക്ക് ചൂണ്ടിയുള്ള നടിയുടെ ഭീഷണി. 

നടിയുടെ സ്വഭാവമാറ്റത്തെ തുടര്‍ന്നായിരുന്നു വീട്ടുടമ ഇക്കാര്യം പറഞ്ഞത്. ഇവരോട് സംസാരിക്കാനായി ഒരു മാനസികാരോഗ്യ ക്ലിനിക് ജീവനക്കാരനും പോലീസിനൊപ്പമുണ്ടായിരുന്നു. ഈ സമയം തോക്കുമായി എത്തിയ വെനേസ ആദ്യം ആത്മഹത്യഭീഷണി മുഴക്കി പിന്നീട് തോക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു. ഈ സമയം ഒരു ഉദ്യോഗസ്ഥന്‍ നടിക്ക് നേരെ നിറയൊഴിച്ചു. ശ്രദ്ധനേടിയ ഹോളിവുഡ് ടിവി സീരീസ് 'ഇആര്‍' ഇലെ പ്രമുഖ കഥാപാത്രത്തെ കൈകാര്യം ചെയ്തത് വെനേസയായിരുന്നു.