ഓസ്തി നാവിൽ നൽകുന്നത് പകർച്ച വ്യാധിക്ക് കാരണമായേക്കാം നിപ പോലയെുള്ള പകർച്ചവ്യാധികൾ വേ​ഗം പകരും ഈ ആചാരം നിർത്തലാക്കണമെന്ന് മെഡ‍ിക്കൽ സംഘം  

തിരുവനന്തപുരം: ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനയുടെ ഭാഗമായി നല്‍കുന്ന അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവില്‍ നല്‍കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ഡോക്ടര്‍മാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ പ്ളാസ്റ്റിക് സര്‍ജനായ ഡോ. പി എ തോമസാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഉമിനീരിലൂടെ പകരുന്ന പകർച്ചവ്യാധികൾ മറ്റൊരാളിലേക്കെത്താൻ ഈ രീതി കാരണമാകുമെന്ന് കത്തിൽ വ്യക്തമായി പറയുന്നു.

അപ്പം നൽകുമ്പോൾ കൈവിരലുകൾ നാവിലും പല്ലുകളിലും സ്പർശിക്കാറുണ്ട്. അതുപോലെ വീഞ്ഞ് ഒരേ സ്പൂൺ കൊണ്ടാണ് പലർക്കും വായിൽ പകർന്നു കൊടുക്കുന്നത്. ഇത് വളരെ അനാരോ​ഗ്യകരമായ പ്രവർത്തിയാണ്. എന്നാൽ ചില സഭകളിൽ അപ്പം കൈവെള്ളയിൽ നൽകുകയും വീഞ്ഞ് ചെറുകപ്പുകളിലായി നൽകാറുണ്ട്. ഇതാണ് ഉചിതമെന്ന് ആരോഗ്യ വകുപ്പ് ഡോ. പി. എ തോമസ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഡോ. തോമസിന്‍റെ കത്ത് കിട്ടിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി സ്ഥിരീകരിച്ചു.

എന്നാൽ കുർബാനയിലെ ഓസ്തി തരുന്ന കാര്യത്തിൽ പ്രത്യേക നിയമങ്ങളൊന്നുമില്ല എന്ന് ഫാദർ പോൾ തേലക്കാട്ട് പറയുന്നു. ''പല സഭകളിലും പല രീതിയിലാണ് കുർബാനയിലെ അപ്പം നൽകുന്നത്. ചിലയിടത്ത് കൈയിലും നാവിലും നൽകുന്ന പതിവുണ്ട് സാഹചര്യങ്ങൾ മാറി വരുന്നതിന് അനുസരിച്ച് ഇത്തരം കാര്യങ്ങൾ തീരുമാനിക്കാൻ വികാരിയച്ചനും ഇടവകയിലെ ജനങ്ങളും കൂടിയാലോചിച്ചാൽ മതിയാകും. നിപ പോലെയുള്ള ​ഗുരുതര രോ​ഗബാധിത പ്രദേശങ്ങളിൽ ഇത്തരത്തിലൊരു പ്രശ്നം വന്നാൽ അവിടുത്തെ ഇടവക വികാരിക്ക് തീരുമാനിക്കാം. '' ഫാദർ പോൾ തേലക്കാട്ട് വിശദീകരിക്കുന്നു. 

മലേഷ്യയിൽ നിപാ വൈറസ് ബാധ ഉണ്ടായ സമയത്ത് നിയമം മൂലം അവിടെ കുർബാന നിരോധിച്ചിരുന്നു. കോഴിക്കോടും പരിസരങ്ങളിലും നിപ വൈറസ് പൊട്ടി പുറപ്പെട്ട സാഹചര്യത്തിൽ വിശ്വാസികൾ നാവിൽ സ്വീകരിച്ചിരുന്ന അപ്പം കൈകളിൽ വാങ്ങണമെന്ന് സീറോ മലബാർ സഭയുടെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനി ഇടയലേഖനം ഇറക്കിയിരുന്നു. ഉമിനീരിലൂടെയും സ്പർശനത്തിലൂടെ മാരക രോഗങ്ങൾ പകരുന്നത് തടയാനുള്ള മാർഗമെന്ന നിലയിലാണ് ഡോക്ടറന്മാരുടെ സംഘടന മെത്രാന്മാരോടും സഭാ നേതൃത്വങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടത്. പക്ഷേ, സഭാ നേതൃത്വങ്ങൾ ഇക്കാര്യത്തോട് ഇനിയും പ്രതികരിച്ചിട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘം വെളിപ്പെടുത്തുന്നു. മനുഷ്യജീവന് ഹാനികരമാകുന്ന ഇത്തരം കാര്യങ്ങൾ നിരോധിക്കണമെന്ന് തന്നയാണ് ഡോക്ടർമാർ ഒന്നടങ്കം പറയുന്നത്.