കൊച്ചി: പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയുടെ വീട് നിര്‍മ്മാണം അന്തിമഘട്ടത്തില്‍. 15 ദിവസത്തിനകം വീട് നിര്‍മാണം പൂര്‍ത്തിയാക്കി ഗൃഹപ്രവേശം നടത്താനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

തല ചായ്ക്കാന്‍ സ്വന്തമായി ഒരു വീടെന്ന ജിഷയുടെയും അമ്മ രാജേശ്വരിയുടെയും സ്വപ്നം സാക്ഷാക്കല്‍ക്കരിക്കാന്‍ ജില്ലാ ഭരണകൂടമാണു മുന്നിട്ടിറങ്ങിയത്. ജിഷയുടെ ദാരുണമായ കൊലപാതകം അറിഞ്ഞ് ഹൃദയം നുറുങ്ങിയവര്‍ സഹായവുമായെത്തി. മെയ് ആദ്യവാരം തൃക്കേപ്പാറ മലയംകുളത്തെ അഞ്ച് സെന്റ് സ്ഥലത്ത് രണ്ടു മുറി അടുക്കള വീടിന്റെ പണി തുടങ്ങി. ഇപ്പോള്‍ വാര്‍പ്പും തേപ്പുമെല്ലാം കഴിഞ്ഞ് വീട് ഉയര്‍ന്നിരിങ്ങുന്നു. ഇനി പെയിന്റിങ്ങും ടൈല്‍പാകലും ഉള്‍പ്പെടെയുളള പണികള്‍ ബാക്കിയുണ്ട്.

സുമനസ്സുകള്‍ നല്‍കിയ തുക ഉപയോഗിച്ച് ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാണു വീട് നിര്‍മാണം. അടുത്ത 15 ദിവസം കൊണ്ട് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണു ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.