തിരുവനന്തപുരം: പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ. ചാത്തന്നൂര്‍ എസ്‌പി, ചാത്തന്നൂര്‍ സിഐ എന്നിവര്‍ക്കെതിരയെും നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറിയും നിയമ സെക്രട്ടറിയും ഇന്നു രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശുപാര്‍ശ ചെയ്തു.

വെടിക്കെട്ട് നിരോധനം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്നു സര്‍വക്ഷി യോഗം ചേരാനിരിക്കുന്നതിനു മുന്‍പാണ് ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറിയേയും നിയമ സെക്രട്ടറിയേയും ഇന്റലിജന്‍സ് എഡിജിപിയേയും ഡിജിപിയേയും വിളിച്ച് യോഗം ചേര്‍ന്നത്. ഇതിലാണ് സംഭവം സംബന്ധിച്ച് ആഭ്യന്തര, നിയമ സെക്രട്ടറിമാര്‍ തങ്ങളുടെ ശുപാര്‍ശ സമര്‍പ്പിച്ചത്. അപകടത്തില്‍ പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചതായി ഇരുവരുടേയും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ പ്രകാശ്, ചാത്തന്നൂര്‍ എസിപി സന്തോഷ്, പരവൂര്‍ സിഐ എന്നിവര്‍ക്കെതിരെ നടപടി വേണം. ക്ഷേത്രത്തില്‍ നിയമവിരുദ്ധമായാണു വെടിക്കെട്ട് നടത്തുന്നതെന്ന കാര്യം ബോധ്യപ്പെട്ടിരുന്നുവെന്ന് സംഭവത്തെക്കുറിച്ചു പരവൂര്‍ സിഐ തയാറാക്കിയ എഫ്ഐആറില്‍ത്തന്നെ പറയുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് അദ്ദേഹം നടപടി സ്വീകരിക്കുകയോ മേലുദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്തില്ല. വെടിക്കെട്ട് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഈ വാദങ്ങളെ ഡിജിപി ശക്തമായി വിമര്‍ശിച്ചു. ഇക്കാര്യങ്ങള്‍ പൊലീസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് നിരോധിച്ചുകൊണ്ട് എട്ടാം തിയതിയാണു ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. ഇതു വികാരപരമായി ആളുകള്‍ കാണുന്ന ഉത്സവവും വെടിക്കെട്ടുമാണ്. 1998ല്‍ ഇതേ രീതിയില്‍ നിരോധനം വന്നെങ്കിലും അതു മറികടന്ന് വെടിക്കെട്ട് നടന്നിരുന്നു. കൃത്യമായ രീതിയില്‍ നിരോധനം നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നെങ്കില്‍ ‍അതു സംബന്ധിച്ച പബ്ലിസിറ്റിയും മറ്റും കൊടുക്കണമായിരുന്നു. ഇക്കാര്യത്തില്‍ പൊലീസിനും കൃത്യമായ നിര്‍ദേശം ജില്ലാ ഭരണകൂടത്തില്‍നിന്ന് ഉണ്ടാകണമായിരുന്നു. അനേകായിരം ആളുകള്‍ ഒത്തുകൂടിയശേഷം നിരോധന ഉത്തരവിറക്കിയാല്‍ നടപ്പാക്കുന്നതു പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.