ഏതെങ്കിലും ആഡംബര കെട്ടിടത്തിന്റെ മുറ്റമോ പാര്‍ക്കിന്റെ നടപ്പാതയോ പോലെ മനോഹരമാണ് ആദിവാസി കോളനിയുടെ പരിസരം മുഴുവന്‍. വെങ്ങപ്പള്ളി ഒരൂമ്മല്‍ പണിയ കോളനിയില്‍ സമഗ്ര കോളനി വികസന പദ്ധതി പ്രകാരം മുറ്റം മുഴുവന്‍ ഇന്റര്‍ലോക്ക് ടൈല്‍ പാകി നടപ്പാക്കിയ വികസനമാണത്രേ ഇത്. പുറത്ത് മുറ്റത്ത് മനോഹരമായ ഇന്റര്‍ലോക്ക് ടൈലുകള്‍ വെട്ടിത്തിളങ്ങുമ്പോള്‍ വീട്ടിനകത്ത് തലചായ്‌ക്കാനായി മണ്ണ് കുഴച്ചെടുത്ത് നിലം ശരിയാക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച്ച. പ്ലാസ്റ്റിക് ഷീറ്റ് കെട്ടാത്ത, ചോര്‍ന്നൊലിക്കാത്ത ഒരു വീടുപോലും കോളനിയിലില്ല. കുട്ടികളടക്കം 150ലധികം പേരുള്ള കോളനിയില്‍ നല്ല കക്കൂസും ഒരു വീട്ടിലുമില്ല. പ്രാഥമികകൃത്യങ്ങള്‍ക്ക് പോലും പുഴയിലും കാട്ടിലും മറ്റും പോകേണ്ടി വരുമ്പോഴാണ് കിടപ്പുമുറിയേക്കാള്‍ ഭംഗിയുള്ള മുറ്റം ഇവരോടുള്ള പരിഹാസമാകുന്നത്.

എന്താണ് പദ്ധതിയെന്നോ ഇതിന് ചിലവഴിച്ച തുക എത്രയെന്നോ വ്യക്തമാക്കുന്ന ഒരു ബോര്‍ഡ് പോലും പ്രദേശത്ത് സ്ഥാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ നടപ്പാക്കി തുടങ്ങിയ പദ്ധതിയെക്കുറിച്ച് താഴേത്തട്ടില്‍ പഞ്ചായത്തംഗങ്ങളെപ്പോലും അറിയിച്ചിട്ടുമില്ല. തല്‍ക്കാലം ടൈല്‍ പാകാനും റോഡിനും മതിലിനും മാത്രമേ ഫണ്ടുള്ളൂവെന്നാണ് ഇക്കാര്യത്തില്‍ അധികൃതരുടെ വിശദീകരണം. ഇനി വീടിനായുള്ള പദ്ധതിയെത്തി വീടുകള്‍ അറ്റകുറ്റപ്പണി നടത്തുമ്പഴേക്കും നിലത്ത് പാകിയ ഈ ടൈലുകള്‍ മുഴുവന്‍ നാശമാകുമെന്നതാണ് സ്ഥിതി.