സംഭവത്തില്‍ കുറ്റക്കാരനാണെന്ന് സംശയിക്കുന്ന കൊല്ലം കരുനാഗപ്പിള്ളി സ്വദേശി കോഞ്ചേരി വീട്ടില്‍ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു.

തൃശൂര്‍: ഹോമിയോ മരുന്നെന്ന വ്യാജേന സ്പിരിറ്റ് കച്ചവടം വ്യാപകമാകുന്നു. തൃശൂര്‍ നഗരത്തിലും മലയോര മേഖലകളിലുമാണ് സ്പിരിറ്റ് മാഫിയയുടെ പുതിയ തന്ത്രം. കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തോട് ചേര്‍ന്ന കോലഴിയില്‍ നിന്നും 900 ലിറ്റര്‍ സ്പിരിറ്റാണ് എക്സൈസ് അധികൃതര്‍ പിടികൂടിയത്. കോലഴിയില്‍ ഹോമിയോ മരുന്നുകള്‍ വിതരണം നടത്തിവന്നിരുന്ന സ്ഥാപനത്തില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. എന്നാല്‍, മരുന്നിന്‍റെ ആവശ്യത്തിനെന്ന വ്യാജേന എത്തിക്കുന്ന ഇവ പുറമേയ്ക്ക് വില്‍പ്പന നടത്തുന്നതായി കണ്ടെത്തി.

സംഭവത്തില്‍ കുറ്റക്കാരനാണെന്ന് സംശയിക്കുന്ന കൊല്ലം കരുനാഗപ്പിള്ളി സ്വദേശി കോഞ്ചേരി വീട്ടില്‍ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു. ചെറിയ ബോട്ടിലുകളില്‍ സ്പിരിറ്റ് സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് സ്വന്തം വാഹനത്തില്‍ എത്തിച്ച് കൊടുക്കുകയാണ് കൃഷ്ണകുമാറിന്റെയും സുഹൃത്തുക്കളുടെയും പദ്ധതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

25 കുപ്പികള്‍ വീതമുള്ള 80 ബോക്സുകളിലായാണ് സ്പിരിറ്റ് അനധികൃതമായി സൂക്ഷിച്ചിരുന്നത്. ഇതോടൊപ്പം അനധികൃത സ്പിരിറ്റടങ്ങിയ മരുന്നുകളും കണ്ടെത്തി. സ്പിരിറ്റിന്റെ സ്രോതസടക്കമുള്ള വിശദാംശങ്ങളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് രഹസ്യ ഇടപാട് പിടികൂടിയതെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഷാജി.എസ്.രാജന്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.പി.ജോര്‍ജ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജു ജോസഫ് എന്നിവര്‍ പറഞ്ഞു.

കൃഷ്ണകുമാറിനെ സഹായിക്കുന്നവരുടെ ശൃംഖല നിരീക്ഷണത്തിലാണ്. സംസ്ഥാനത്തെ മറ്റനവധി കേന്ദ്രങ്ങളിലും ഇവര്‍ക്ക് കച്ചവടമുണ്ടെന്ന സംശയമാണ് എക്‌സൈസിന്. വിവിധ മേഖലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ ടി.ജി.മോഹനന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ആര്‍.ഹരിദാസ്, എ.എ.സുനില്‍, എം.എം.മനോജ് കുമാര്‍, കെ.എസ്.ഗോപകുമാര്‍, കെ.പി.ബെന്നി, മോഹന ദാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോലഴിയിലെ സ്പിരിറ്റ് വേട്ട.