ഉഭയസമ്മത പ്രകാരമുള്ള സ്വവർഗരതി കുറ്റകരമല്ലെന്നാണ് പരാമർശം
ദില്ലി: പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയ സമ്മതത്തോടെ സ്വവർഗരതിയിൽ ഏര്‍പ്പെടുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കുമെന്ന് സുപ്രീംകോടതിയുടെ പരാമര്‍ശം. സ്വവര്‍ഗ്ഗരതി ക്രിമിനൽ കുറ്റമാക്കുന്ന 377 ആം വകുപ്പ് തുടരണോ വേണ്ടയോ എന്നതിൽ കേന്ദ്ര സര്‍ക്കാര്‍ മലക്കംമറിഞ്ഞു. വ്യക്തമായ നിലപാട് അറിയിക്കാതെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതിക്ക് വിട്ടു.
സ്വവര്‍ഗരതി കേസിലെ വിധി എന്താകുമെന്ന സൂചനകൾ നൽകുന്ന പരാമര്‍ശമാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് നടത്തിയത്. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 വകുപ്പ് ഭരണഘടനയുടെ 15 -അനുഛേദത്തിന്‍റെ ലംഘനമാണെന്ന് കോടതി പറഞ്ഞു. ലിംഗഭേദഗമില്ലാതെ ഒരാൾക്ക് പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. അതുകൊണ്ട് ഉഭയസമ്മതത്തോടെ പ്രകൃതി വിരുദ്ധ ലംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമെന്ന് പറയാനാകില്ല.
ഈ രിതിയിൽ സ്വവര്‍ഗരതി കേസിൽ ഉത്തരവിറക്കുമെന്ന പരാമര്‍ശവും ഭരണഘടന ബെഞ്ച് നടത്തി. 377-ാം വകുപ്പ് ക്രിമിനൽ കുറ്റമല്ലാതാക്കുമ്പോൾ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ലൈംഗിക വേഴ്ചയും ക്രിമിനൽ കുറ്റമല്ലാതാകുമോ എന്നതിൽ വ്യക്തത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 377-0ാം വകുപ്പ് നിലനിര്‍ത്തണോ, വേണ്ടയോ എന്നത് സുപ്രീംകോടതി തന്നെ തീരുമാനിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി എത്തിയ അഡീഷണൽ സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത അറിയിച്ചു.
കേസിൽ നിന്ന് അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ പിന്മാറിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റര്‍ ജനറൽ ഹാജരായത്. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കണമെന്ന അഭിപ്രായമാണ് നേരത്തെ അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചത്. ആ നിലപാടിൽ നിന്ന് കേന്ദ്രം മലക്കംമറിഞ്ഞതിന് പിന്നാലെയായിരുന്നു അറ്റോര്‍ണി ജനറലിന്‍റെ പിന്മാറ്റം. ഏതായാലും സ്വവര്‍ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കും എന്ന വ്യക്തമായ സൂചനയാണ് വാദം കേൾക്കുന്നതനിടെ ഭരണഘടന ബെഞ്ച് നൽകിയത്.
