ഇടുക്കി: ഇടുക്കി ഹൈറേഞ്ചില്‍ തേനീച്ച കൃഷി വ്യാപകമാകുന്നു. വിപണിയില്‍ മികച്ച വില കിട്ടുന്നതും ആവശ്യക്കാര്‍ ഏറിയതുമാണ് കര്‍ഷകര്‍ തേനീച്ച കൃഷിയിലേയ്ക്ക് തിരിയുവാന്‍ കാരണം. സ്ഥല പരിമിതിയുള്ളവര്‍ക്കും കുറഞ്ഞ ചിലവില്‍  മികച്ച വരുമാനമുണ്ടാക്കാന്‍ കഴിയുന്നതാണ് തേനീച്ച കൃഷി. കൃഷിവകുപ്പിന്‍റെ പ്രോത്സാഹന പദ്ധതികളുളളതും കർഷകരെ കൃഷിയിലേക്കാകർഷിക്കുന്നു. 

നിലവില്‍ 400 രൂപയാണ് ഒരു കിലോ തേനിന് കര്‍ഷകര്‍ക്ക്  കിട്ടുന്നത്. ഒരു പെട്ടിയില്‍ നിന്നും ഒരു വർഷം ശരാശരി 20 കിലോ തേന്‍വരെ കിട്ടും. ഔഷധ ഗുണം കൂടുതലുള്ള ഹൈറേഞ്ച് തേനിന് ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ വിപണനത്തിനും ബുദ്ധിമുട്ടില്ല. മറ്റ് കൃഷികള്‍ക്കിടയില്‍ പെട്ടികൾ സ്ഥാപിച്ച് തേനീച്ചകളെയും വളര്‍ത്തുന്നതാണ് ഇവിടുത്തെ രീതി. 

ദിവസം ഒരു മണിക്കൂർ മിനക്കെട്ടാൽ 200 പെട്ടികൾ വരെ ഒരാൾക്ക് പരിപാലിക്കാം. തേനീച്ചകൾ പരാഗണം കൂട്ടുന്നതിനാൽ മറ്റു കൃഷികളുടെ ഉത്‍പാദനവും വര്‍ദ്ധിപ്പിക്കും. ഇതൊക്കെ ഹൈറേഞ്ചിൽ തേനീച്ച കൃഷിയുടെ വ്യാപനത്തിന് കാരണമാകുന്നു.