Asianet News MalayalamAsianet News Malayalam

മന്ത്രിയെ തേനീച്ചക്കൂട്ടം ഓടിച്ചിട്ടു കുത്തി

Honey bees attack against Karnataka Minister
Author
First Published Nov 26, 2017, 6:59 AM IST

ബെംഗളൂരു: ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനത്തിനിടെ കർണാടക വനം മന്ത്രി നേരിട്ടത് അപ്രതീക്ഷിത ആക്രമണം. ബെലഗാവിയിൽ തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു മന്ത്രി രാമനാഥ റായ്.

ബെലഗാവി വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയിലായിരുന്നു പരിപാടി. കർണാടക വനംമന്ത്രി രാമനാഥ് റായും എംപി സുരേഷ് അങ്കടിയും ഉയോഗസ്ഥരും നാട്ടുകാരും സ്കൂൾ കുട്ടികളും എല്ലാവരുമുണ്ട്. എംപി അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെ സദസ്സിലുളള പലരും എഴുന്നേറ്റ് ഓടാൻ തുടങ്ങി.

സംഗതി തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണം. കുത്ത് കിട്ടിത്തുടങ്ങിയപ്പോഴാണ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും കാര്യം പിടികിട്ടിയത്.പിന്നെ ഓടിത്തടിയെടുക്കലായി. കുത്തുകിട്ടിയത് പ്രോട്ടോക്കോൾ അനുസരിച്ച്. മുഖത്ത് ഒരു കുത്ത് മന്ത്രിക്ക്. എം പി സുരേഷിന്‍റെ കൈക്കും മുഖത്തും കുത്തേറ്റു. റേ‍ഞ്ച് ഫോറസ്റ്റ് ഓഫീസറും കൺസർവേറ്ററും ആശുപത്രിയിലായി.കുട്ടികളാണ് നന്നേ കഷ്ടപ്പെട്ടത്.

തുറസ്സായ സ്ഥലത്തായിരുന്നു പരിപാടി. തേനീച്ചക്കൂട്ടം എങ്ങനെ ഇളകിയെത്തിയെന്ന് മനസ്സിലായത് പിന്നീടാണ്. പരിപാടി ചിത്രീകരിക്കാനൊരു ഡ്രോൺ ക്യാമറ ഉണ്ടായിരുന്നു. പറന്നുപറന്ന് അതൊരു മരത്തിലെ തേനീച്ചക്കൂടിനടുത്തെത്തി. ശല്യം ചെയ്തവരുടെ പിന്നാലെ തേനീച്ചകളും പോയി. മന്ത്രിയെന്നൊന്നും നോട്ടമില്ലാതെ.

 

Follow Us:
Download App:
  • android
  • ios