ദില്ലി: ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനും തനിക്കുമിടയില്‍ അവിഹിത ബന്ധമായിരുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഹണിപ്രീത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് വ്യാപകമായ തെരച്ചില്‍ നടത്തുന്നതിനിടെ ഹണിപ്രീത് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത് പൊലീസിന് വലിയ തിരിച്ചടിയായി. ചാനലുകളില്‍ വീഡിയോ സഹിതമാണ് അഭിമുഖം വന്നത്. ഹണിപ്രീത് ഉടന്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.
തനിക്കതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചാണ് ഒളിവില്‍ കഴിയുന്ന ഹണിപ്രീത് സ്വകാര്യ ചാനലിന് മുന്നിലെത്തിയത്. 35 ദിവസമായി പോലീസ് തെരച്ചില്‍ തുടരുമ്പോഴാണ് ഹണിപ്രീത് ഹരിയാന പോലീസിന്റെ കണ്ണുവെട്ടിച്ച് ആഭിമുഖം നല്കിയത്. അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് ഗുര്‍മീതിനും തനിക്കും ഇടയിലെന്നും മറിച്ചുള്ള പ്രചരണം അടിസ്ഥാനരഹിതമെന്നും ഹണിപ്രപീത് ഒരു ഹിന്ദി ചാനലിനോട് പറഞ്ഞു. അച്ഛന് മകളെ സ്നേഹത്തോടെ തൊട്ടുകൂടെയെന്നും അതില്‍ എന്താണ് തെറ്റെന്നും ഹണിപ്രീത് ചോദിക്കുന്നു. എല്ലാവരും കള്ളം പ്രചരിപ്പിക്കുകയാണ്.
നേപ്പാളിലേക്ക് പോയിട്ടില്ലെന്നും ഇന്ത്യയില്‍ തന്നെയുണ്ടായിരുന്നു എന്നും ഹണിപ്രീത് വ്യക്തമാക്കി. ദില്ലിയില്‍ അഭിഭാഷകന്‍റെ വീട്ടിലെത്തിയാണ് ജാമ്യാപേക്ഷ തയ്യാറാക്കിയതെന്നും ഹണിപ്രീത് പറഞ്ഞു. പഞ്ച്കുലയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹണിപ്രീത് കീഴടങ്ങുമെന്നാണ് സൂചന. ഗുര്‍മീതിനെതിരെ വിധി വന്ന ദിവസം അക്രമത്തിന് ഗൂഢാലോചന നടത്തിയതിനും ഗുമീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ഹണിപ്രീതിനെ പോലീസ് തിരയുന്നത്.
