തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ സ്വകാര്യ ചാനല്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ കുറ്റകരമായ ഗൂഡാലോചന നടത്തിയതായി എഫ്ഐആര്‍. പൊലീസിന്റെ എഫ്ഐആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ശശീന്ദ്രനെതിരായ ഫോണ്‍ടേപ്പ് പുറത്ത് വിട്ട ചാനലിനെതിരാണ് എഫ്ഐആര്‍.

ചാനല്‍ സിഇഒ അടക്കമുള്ള ഒമ്പത് പ്രതികള്‍ ശശീന്ദ്രനെതിരെ കുറ്റകരമായ ഗൂഡാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ചാനലിന്റെ മാര്‍ക്കറ്റിംഗിന് വേണ്ടിയും ശശീന്ദ്രന് മാനഹാനി വരുത്താനും അശ്ലീല സംഭാഷണം ചാനല്‍ സംപ്രേഷണം ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് എഫ്ഐആര്‍ പറയുന്നത്.

കേസില്‍ പരാതിക്കാരനായ എന്‍വൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തി. മുന്‍ മന്ത്രിയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഇലക്ട്രോണിക് ഉപകരണം ഹാജരാക്കാന്‍ അന്വേഷണ സംഘം ചാനല്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കും.