ബലമായി പിടിച്ചുകൊണ്ടുപോയി വിഷം കുടിപ്പിച്ചു കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ചു

മൈസൂരു: ദളിത് യുവാവിനെ പ്രണയിച്ച കോളേജ് വിദ്യാര്‍ഥിനിയെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നശേഷം മൃതദേഹം കത്തിച്ചു. മൈസൂരു ജില്ലയിലെ എച്ച്.ഡി. കോട്ട താലൂക്കിലെ ഗോല്ലനബീഡു ഗ്രാമത്തിലാണ് സംഭവം. ഗൊല്ലനബീഡു ഗ്രാമനിവാസിയും മൈസൂരുവിലെ കോളേജ് വിദ്യാര്‍ഥിനിയുമായ സുഷമ( 20 )യാണ് കൊല്ലപ്പെട്ടത്. 

സംഭവത്തില്‍ സുഷമയുടെ പിതാവ് കുമാറിനെ എച്ച്.ഡി. കോട്ട പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. മൈസൂരുവിലെ ആലനഹള്ളി ഗ്രാമത്തിലെ യുവാവുമായി സുഷമ കഴിഞ്ഞ ഒരുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ സുഷമയുടെ രക്ഷിതാക്കള്‍ അനുകൂലിച്ചിരുന്നില്ല. 

എന്നാല്‍ യുവാവുമൊത്തല്ലാതെ മറ്റൊരു ജീവിതമുണ്ടാകില്ലെന്ന് പെണ്‍കുട്ടി നിലപാടെടുത്തു. ഇതോടെ സുഷമയെ വീട്ടില്‍ നിന്നും കോളേജില്‍ പോവാന്‍ അനുവദിച്ചിരുന്നുമില്ല. എന്നാല്‍ എതിര്‍പ്പ് വകവെക്കാതെ സുഷമബന്ധം തുടര്‍ന്നു. ഇതോടെ ഫെബ്രുവരി 21-ന് കുമാര്‍ സുഷമയെ തന്റെ കൃഷിയിടത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി വിഷം കുടിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

മകളെ വിഷം കൊടുത്ത് കൊന്നതിനു ശേഷം മൃതദേഹം കത്തിച്ചുകളയുകയായിരുന്നു. സുഷമയെ വീട്ടില്‍ കാണാത്തതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ അന്വേഷിച്ചപ്പോള്‍ കുമാര്‍ പരസ്​പരവിരുദ്ധമായ മറുപടിയാണ് നല്‍കിയത്. ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.