ദില്ലി: വിളര്‍ച്ചയ്ക്ക് ചികിത്സ തേടിയെത്തിയ പതിനാലുകാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍. രോഗ കാരണം കണ്ടെത്താന്‍ കുട്ടിയുടെ ചെറുകുടലിലേക്ക് ഇറക്കിയ ക്യാമറയില്‍നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ക്യാമറയില്‍നിന്ന് ഡോക്ടര്‍മാര്‍ക്ക് ലഭിച്ച 2 ചിത്രങ്ങളില്‍ ഒന്ന് സ്വാഭാവിക ചിത്രമായിരുന്നുവെങ്കിലും രണ്ടാമത്തേതാണ് അവരെ ഞെട്ടിച്ചത്.
ചെറുകുടലിന്റെ രണ്ടാം പകുതി രക്ത നിറമായിരുന്നു. സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് വയറ്റിനുള്ളിലെ കൊക്കപ്പുഴുക്കള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി 14കാരന്റെ ശരീരത്തില്‍നിന്ന് കുടിച്ച് തീര്‍ത്തത് 22 ലിറ്റര്‍ രക്തമാണെന്ന ഞെട്ടിക്കുന്ന വിവരം ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി സ്വദേശിയുടെ ശരീരത്തില്‍നിന്നാണ് രക്തം കുടിച്ച് വറ്റിയ്ക്കുന്ന കൊക്കപ്പുഴുക്കളെ സര്‍ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഒരു ആരോഗ്യമുള്ള 14വയസ്സുള്ള കുട്ടിയുടെ ശരീരത്തില്‍ ഏകദേശം 4 ലിറ്റര്‍ രക്തമാണ് ഉണ്ടാകുക. ഏറെ നാളായി ഈ കുട്ടി വിളര്‍ച്ചയ്ക്ക് ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി പരിശോധനകള്‍ നടത്തിയിട്ടും ചികിത്സ നല്‍കിയിട്ടും രോഗം മാറാതെ വന്നതോടെയാണ് കാപ്‌സ്യൂള്‍ എന്റോസ്‌കോപി ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
പരിശോധനയില്‍ ചെറുകുടലിന്റെ ഒരു ഭാഗത്ത് കൊക്കപ്പുഴുക്കളെ കണ്ടെത്തുകയായിരുന്നു. കൊക്കപ്പുഴുക്കള്‍മൂലമുണ്ടാകുന്ന രോഗങ്ങള്‍ രാജ്യത്ത് സാധാരണമാണെങ്കിലും ഇത്തരമൊരു കേസ് ഇത് അസാധാരണമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇത്തരം അസുഖങ്ങള്‍ രണ്ട് വര്‍ഷം വരെ ലക്ഷണങ്ങള്‍കൊണ്ട് നിര്‍ണ്ണയിക്കാനാകില്ലെന്നതാണ് കാരണം.
ഭക്ഷണ ശുചിത്വം പാലിക്കാത്തതും വൃത്തിഹീനമായ പരിസരവും കൊക്കപ്പുഴുക്കള്‍ ശരീരത്തിലെത്താന്‍ കാരണമാകുന്നു. ചെരുപ്പിടാതെ നടക്കുന്നതും ഇതിന് പ്രധാന കാരണമാണ്. ശരീര ശുചിത്വം പാലിക്കുന്നത് വഴി ഇത്തരം രോഗങ്ങള്‍ വരുന്നത് തടയാനാകും. അതേ സമയം അനീമിയ പോലുള്ള രോഗങ്ങളില്‍ ചെറുകുടലിലെ പരിശോധന പ്രാധാന്യമുളളതാണെന്ന് ഈ കേസ് വ്യക്തമാക്കിയെന്നും കുട്ടിയെ പരിശോധിക്കുന്ന സര്‍ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍ അനില്‍ അറോറ പറഞ്ഞു.
