Asianet News MalayalamAsianet News Malayalam

കുഞ്ഞു വേഴാമ്പലിന് പോറ്റച്ഛനായി ബൈജു

തുടര്‍ന്ന് ഓരോ മണിക്കൂറും തീറ്റ നല്‍കുകയാണിപ്പോള്‍. അത്തിപ്പഴവും മറവന്‍ പഴവും ആഞ്ഞിലിപഴവുമൊക്കെയാണ് ശേഖരിച്ചു നല്‍കുന്നത്.

hornbill keeper byju story
Author
Thrissur, First Published Apr 6, 2018, 7:15 PM IST

അപകടത്തില്‍ കൊല്ലപ്പെട്ട ആണ്‍വേഴാമ്പലിന്റെ ഇണയ്‌ക്കും കുഞ്ഞിനും ദിവസവും ഭക്ഷണമെത്തിച്ച് പോറ്റച്ഛനാകുകയാണ് അതിരപ്പിള്ളിയിലെ പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബൈജു കെ. വാസുദേവന്‍. ബുധനാഴ്ചയാണ് തന്റെ പതിവു നിരീക്ഷണങ്ങള്‍ക്കിടയില്‍ റോഡരുകില്‍ ഒരു ആണ്‍വേഴാമ്പല്‍ ചത്തു കിടക്കുന്നത് ബൈജുവിന്റെ ശ്രദ്ധയില്‍ പെടുന്നത്. ചത്തിട്ട് രണ്ടു ദിവസമെങ്കിലുമായിട്ടുണ്ടാകും. ചിറകടിക്കാതെ താഴ്ന്നു പറന്നപ്പോള്‍ പാഞ്ഞു പോയ ഏതെങ്കിലും വാഹനം തട്ടിയാവാം പക്ഷി ചത്തത് എന്ന് ബൈജു ഊഹിക്കുന്നു. ആണ്‍വേഴാമ്പലിന്റെ കൊക്കില്‍ നിറയെ തന്റെ ഇണക്കും കുഞ്ഞിനുമായി കരുതിയ പഴങ്ങളുണ്ടായിരുന്നു.

hornbill keeper byju storyവേഴാമ്പലുകളുടെ ജീവിതക്രമം അറിയാവുന്നവര്‍ക്കറിയാം,  തീറ്റതേടിപ്പോയ ആണിനു ആപത്തുണ്ടായാല്‍ കൂട്ടിലെ ഇണയും കുഞ്ഞും ഭക്ഷണം കിട്ടാതെ വിശന്ന് വിശന്ന് അതിന്റെ വിധിക്ക്‌ കീഴ്പ്പെടുമെന്ന്. വേഗം തന്നെ കിളിയുടെ കൂടന്വേഷിച്ച്‌ ബൈജു കാടുകയറി. വനപാലകരും ബൈജുവിന്റെ സുഹൃത്തും പക്ഷിനിരീക്ഷകനുമായ സുധീഷ്‌ തട്ടേക്കാടും ഒപ്പം ചേര്‍ന്നു. താഴ്ന്നു പറന്ന വേഴാമ്പലിന്റെ കൂട്‌ ആ പരിസരത്തുതന്നെയാകുമെന്ന സുധീഷിന്റെ അനുഭവസമ്പത്തായിരുന്നു അന്വേഷണത്തിനു സഹായകരമായത്. രണ്ടു ദിവസത്തെ തിരച്ചില്‍ കൊണ്ടാണ് അവര്‍ക്ക് കൂടു കണ്ടെത്താനായത്. നന്നേ ചെറുതായ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. ഇതുകേട്ട വനത്തിലെ മുതിര്‍ന്ന വേഴാമ്പലുകള്‍ കൂടിനോടടുക്കുന്നുമുണ്ടായിരുന്നു. ഇവ ആ കുഞ്ഞിനും അമ്മയ്‌ക്കും ഭക്ഷണം എത്തിച്ചേക്കാം എന്ന ധാരണയില്‍ അവര്‍ നിരീക്ഷിച്ചു. എന്നാല്‍ ഇളംകുഞ്ഞുങ്ങളുമായി അതേ മരത്തില്‍ കൂടു കൂട്ടിയിരുന്ന മൈനകള്‍ ശത്രുക്കളെന്ന് കണ്ട്, ആ വന്ന വേഴാമ്പലുകളെയെല്ലാം ആക്രമിച്ചു പറത്തി.

ഒടുവില്‍ വലിയൊരു മുളയേണി വെട്ടികൊണ്ടുവന്ന് മരത്തില്‍ക്കയറി ഇരുപത്തിയഞ്ചടിയോളം ഉയരത്തിലുള്ള കൂടിന്റെ കവാടത്തിലേക്ക്‌ ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും ബൈജു നല്‍കി. കിട്ടിയപാടെ ആ ഇത്തിരിക്കുഞ്ഞിനു അമ്മക്കിളി അത്‌ കൈമാറുകയും ചെയ്തു. നാലു ദിവസമെങ്കിലും നീണ്ട പട്ടിണിക്കൊടുവില്‍ വ്യാഴാഴ്ച ഉച്ചയ്‌ക്ക്‌ വയര്‍ നിറയെ ഭക്ഷണം കഴിച്ച ആ കുഞ്ഞ്‌ വൈകിട്ട്‌ 5 വരെ ഉറങ്ങി എന്നതും കൂടി അറിഞ്ഞാലേ അതനുഭവിച്ച വിശപ്പും ദാഹവും മനസിലാകൂ.

hornbill keeper byju storyതുടര്‍ന്ന് ഓരോ മണിക്കൂറും തീറ്റ നല്‍കുകയാണിപ്പോള്‍. അത്തിപ്പഴവും മറവന്‍ പഴവും ആഞ്ഞിലിപഴവുമൊക്കെയാണ് ശേഖരിച്ചു നല്‍കുന്നത്. വനം വകുപ്പില്‍ വാച്ചര്‍മാരായ ഔസേപ്പ്, അജീഷ് ഗോപി, സുഹൃത്ത് ജയന്‍ എന്നിവരും ബൈജുവിനു കൂട്ടായുണ്ട്. മൂന്നോ നാലോ ദിവസങ്ങള്‍ക്കകം തള്ളപ്പക്ഷി കൂടുപൊളിച്ചു പുറത്തിറങ്ങിയേക്കാമെന്നും വലിയ താമസമില്ലാതെതന്നെ ആ കുഞ്ഞിന്റെ ആദ്യ ചിറകടിയും  കാണാനായേക്കുമെന്നും ബൈജു വിലയിരുത്തുന്നു. ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ അഖില്‍, ഫോറസ്റ്റര്‍ ഹരിദാസ് എന്നീ ഉദ്യോഗസ്ഥരുടെ നിറഞ്ഞ സഹകരണവും പ്രോത്സാഹനവും ഈ ശ്രമത്തിനുണ്ടെന്നും ബൈജു പറഞ്ഞു.

Follow Us:
Download App:
  • android
  • ios