മറയൂര്‍ മേഖലയിലെ ശീതകാല പച്ചക്കറികള്‍ മുഴുവനും സംഭരിക്കുമെന്ന് ഹോര്‍ട്ടി കോര്‍പ്പ്. കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച ഹോര്‍ട്ടി കോര്‍പ്പ് ഇടുക്കി ജില്ലാ ഉദ്യോഗസ്ഥരാണ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്കിയത്.

ഓണക്കാല വിളവെടുപ്പ് ലക്ഷ്യമിട്ട് മറയൂര്‍ കാന്തല്ലൂര്‍ വട്ടവട മേഖലകളിലായ് അഞ്ഞൂറു ഹെക്ടറോളം സ്ഥലത്താണ് കര്‍ഷകര്‍ വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്നത്. കാരറ്റ്, കാബേജ്, ബീറ്റ്‌റൂട്ട്, വെളുത്തുളളി, ഉരുളകിഴങ്ങ് തുടങ്ങി എല്ലാ ഇനങ്ങളും മറയൂരില്‍ കൃഷി ചെയ്യുന്നുണ്ട്‍. കഴിഞ്ഞ ഓണക്കാലത്തിന് ശേഷം ഹോര്‍ട്ടി കോര്‍പ്പ് അധികൃതര്‍ പച്ചക്കറികള്‍ സംഭരിക്കാനെത്താതിരുന്നതില്‍ ഏറെ ആശങ്കയിലായിരുന്ന കര്‍ഷകര്‍ക്കാണ് ജില്ലാ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനവും വാഗ്ദാനവും ആശ്വാസമായത്.

മേഖലയിലെ മുഴുവന്‍ പച്ചക്കറികളും സംഭരിച്ച് സംസ്ഥാന വിപണിയിലെത്തിക്കുമെന്ന ഹോര്‍ട്ടി കോര്‍പ്പ് വാഗ്ദാനം നടപ്പിലായാല്‍ തമിഴ്‌നാട് ലോബിയുടെ ചൂഷണത്തില്‍ നിന്ന് മേഖലയിലെ കര്‍ഷകര്‍ക്കൊപ്പം സംസ്ഥാനത്തെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കുമാണ് അതിന്റെ പ്രയോജനം കിട്ടുക. 150 ഹെക്ടറില്‍ ബീന്‍സും 90 ഹെക്ടറില്‍ കാബേജും 75 ഹെക്ടറില്‍ ഉരുളകിഴങ്ങുമാണിവിടെ ഓണക്കാല വിളവെടുപ്പിനായ് കൃഷി ചെയ്തിരിക്കുന്നത്.