ഹോര്‍ട്ടികോര്‍പ്പിലെ അഴിമതി അക്കമിട്ട് നിരത്തി വിജിലന്‍സ് കൊടുത്ത റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. അഴിമതി നിറഞ്ഞ കരാര്‍നിയമനങ്ങള്‍ റദ്ദാക്കണമെന്ന വിജിലന്‍സിന്റെ ശുപാര്‍ശ തള്ളി നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ കൃഷിവകുപ്പ് തീരുമാനിച്ചു. വകുപ്പു തല നടപടിക്ക് ശുപാര്‍ശ ചെയ്ത ഹോര്‍ട്ടികോര്‍പ്പിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറെ മറ്റൊരു പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്തേക്ക് നിയമിക്കുകയും ചെയ്തു.

ഹോര്‍ട്ടികോര്‍പ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് ത്വരിതാന്വേഷണം പൂര്‍ത്തിയാക്കിയ അഞ്ചിലധികം റിപ്പോര്‍ട്ടുകളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഹോര്‍ട്ടികോര്‍പ്പില്‍ ഉടന്‍ നടപ്പിലാക്കേണ്ട നടപടികള്‍ അക്കമിട്ട നിരത്ത് ആഭ്യന്തരസക്രട്ടറി കൃഷിവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടാണിത്. വ്യവസ്ഥകള്‍ പാലിക്കാതെയുള്ള കരാര്‍ നിയമനങ്ങള്‍ ഉടന്‍ റദ്ദാക്കണമെന്നായിരുന്നു ഒരു ശുപാര്‍ശ. നിയമങ്ങളില്‍ അഴിമതിക്ക് സാധ്യതയുള്ളതിനാല്‍ പിഎസ്‍സി വഴിയോ എംപ്ലോയ്മെന്റ് എക്‌സ്ഞ്ചേഞ്ച് വഴി നിയമനം നല്‍കുകയോ വേണമെന്നും ശുപാര്‍ശ ചെയ്തു. ഹോര്‍ട്ടികോര്‍പ്പിന്റെ പണമുപയോഗിച്ച് ഐ ഫോണ്‍വാങ്ങിയ ചെയര്‍മാനില്‍ നിന്നു പണം തിരിച്ചു പിടിക്കണം. ലാല്‍വര്‍ഗീസ് കല്‍പ്പകവാടിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം, ഏഴുവര്‍ഷമായി ഡെപ്യൂട്ടിഷനില്‍ കഴിയുന്ന പ്രോജക്ട് മാനേജര്‍ ബാലചന്ദ്രന് കരാറുകാരുമായി വഴിവിട്ട ബന്ധത്തിന് സാധ്തയുണ്ട്. അതിനാല്‍ ഡെപ്യൂട്ടേഷന്‍ റദ്ദാക്കണം, അഴിമതിക്ക് കാരണക്കാരനായ മുന്‍ എംഡി ഡോ.പ്രതാപനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ആഭ്യന്തരവകുപ്പ് ശുപാശ ചെയ്തു. ശുപാര്‍ശ നില്‍ക്കേ പ്രതാപനെ മറ്റൊരു പൊതുമേഖല സ്ഥാപനമായ കേരള ഫീല്‍ഡിന്റെ എംഡിയാക്കി.
മറ്റ് ശുപാര്‍ശകളും കൃഷിവകുപ്പ് അട്ടിമറിച്ചു. കരാര്‍ നിയമനങ്ങള്‍ സ്ഥിരമാക്കാനായി പ്രത്യേക മന്ത്രിസഭായോഗത്തില്‍ മന്ത്രിതന്നെ കുറിപ്പ് നല്‍കി. ഡെപ്യൂട്ടേഷന്‍ റദ്ദാക്കണമെന്ന പറഞ്ഞ ഉദ്യോഗസ്ഥന് എംഡിയുടെ താല്‍ക്കാലിക ചുമതല നല്‍കി. ഹോര്‍ട്ട് കോര്‍പ്പ് ഔട്ട് ലെറ്റുകളുടെ നിര്‍മ്മാണത്തിലുണ്ടായ അധിക ചെലവ് എംഡിയില്‍ നിന്നു തിരിച്ചുപിടിക്കണമെന്ന ശുപാര്‍ശ നടന്നില്ല. ഐഫോണും വാങ്ങിയതിലും താമസത്തിലും യാത്രയിലും ഹോര്‍ട്ട്കോര്‍പ്പ് ഭാരവാഹികള്‍ നടത്തിയ ക്രമക്കേടും കൃഷിവകുപ്പ് കണ്ടില്ലെന്ന് നടിച്ചു. ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ കണ്ടെത്തിയ വിജിലന്‍സ് ശുപാര്‍കളെല്ലാം പേരിനുമാത്രമായി ഒതുങ്ങുകയായിരുന്നു.
